പ്രവാസി വ്യവസായി സി സി തമ്പിക്ക് ജ്യാമം; വിദേശ യാത്ര പാടില്ലെന്ന് കോടതി

By Web TeamFirst Published Jan 29, 2020, 4:05 PM IST
Highlights

വിദേശ യാത്ര പാടില്ല ഉപാധിയോടെയാണ് സി സി തമ്പി കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നത്‌ തെളിവ്‌ നശിപ്പിക്കാൻ കാരണമാകുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു.

ദില്ലി: വിദേശനാണ്യ വിനിമയ ചട്ടലംഘന കേസില്‍ പ്രവാസി വ്യവസായി സി സി തമ്പിക്ക് ഉപാധികളോടെ ജാമ്യം. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ജാമ്യത്തിലാണ് ദില്ലിയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചത്. വിദേശ യാത്ര പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ജാമ്യം നല്‍കുന്നത്‌ തെളിവ്‌ നശിപ്പിക്കാൻ കാരണമാകുമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാദിച്ചിരുന്നു. എജന്‍സി ആവശ്യപ്പെട്ടപ്പോഴൊക്കെ ഹാജരായെന്നും കേസില്‍ പെട്ട മറ്റ് രണ്ട്‌ പേര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നൽകിയെന്നും അതിനാല്‍ തനിക്കും ജാമ്യം നൽകണമെന്നുമായിരുന്നു തമ്പി കോടതിയില്‍ ആവശ്യപ്പെട്ടത്. തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടണമെന്ന ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

സി സി തമ്പി 2005 ല്‍ ഫരീദാബാദില്‍ ഭൂമി വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറയുന്നത്. റോബര്‍ട്ട് വദ്രയുടെ അനുയായിയിൽ നിന്നാണ് തമ്പി ഭൂമി വാങ്ങിയത്. വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഭൂമിയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് തമ്പി വാങ്ങിയതെന്നും ഇഡി പറഞ്ഞു. വദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. സി സി തമ്പിയിലൂടെ  റോബർട്ട് വദ്രയ്ക്കുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ്. 

വദ്രയുമായി ചേ‍ർന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളിൽ തമ്പിയെ ഇ‍ഡി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് 2005ൽ ഫരീദാബാദിലെ അമീപ്പൂർ‍ ഗ്രാമത്തിൽ റോബര്‍ട്ട് വദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭൂമിയുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ തമ്പി വാങ്ങിയെന്ന വിവരം എൻഫോഴ്സ്മെന്റ് പുറത്തുവിട്ടിരിക്കുന്നത്. 

ഇടനിലക്കാരായ മഹേഷ് നാഗർ, ലാൽ പഹാ എന്നിവർ അമീപ്പൂരിൽ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി കൂട്ടി. ഇത് പിന്നീട് വദ്രക്കും തമ്പിക്കുമായി വില്‍ക്കുകയായിരുന്നു. നേരത്തെ വാങ്ങിയ വിലയ്ക്ക് തന്നെയാണ് ഭൂമി മറിച്ചുവിറ്റത്. 50 കോടി രൂപയുടെ ഇടപാടുകൾ അമീപ്പൂരിൽ മാത്രം നടന്നെന്നാണ് ഇഡിയുടെ വിശദീകരണം. 

ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തിൽ ഭൂമി വാങ്ങിയതിന്റെ തെളിവുകളും എന്‍ഫോഴ്സ്മെന്‍റ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ തമ്പിയുടെ മറ്റു സ്ഥലങ്ങളിലെ ഇടപാടുകളെക്കുറിച്ചും അന്വേഷണം വ്യാപിക്കുമെന്നാണ് സൂചന. തമ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ വദ്രയെ വിളിച്ചുവരുത്താനാണ് നീക്കം. കള്ളപ്പണക്കേസിൽ വദ്രയുടെ ജാമ്യം റദ്ദാക്കാൻ നേരത്തെ എൻഫോഴ്‌സ്‌മെന്റ്‌ കോടതിയെ സമീപിച്ചിരുന്നു.

മലയാളിയായ തമ്പി റോബർട്ട് വദ്രയുടെ ബിനാമിയായിരുന്നെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒഎൻജിസിയുടെ പ്രത്യേക സാമ്പത്തിക മേഖല കരാർ, സാംസങ് കമ്പനിക്ക് നല്കാൻ ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരി ഇടനിലക്കാരനായിരുന്നു. ഈ ഇടപാടിന്‍റം ഭാഗമായി വദ്രയ്ക്ക് കെട്ടിടം വാങ്ങി നല്‍കാനായിരുന്നു ഭണ്ഡാരി ശ്രമിച്ചത്. തമ്പി രൂപീകരിച്ച കടലാസ് കമ്പനിയുടെ പേരിലായിരുന്നു ദുബായിൽ ഇടപാടിന് ശ്രമിച്ചത്. പിന്നീട് ലണ്ടനിൽ 26 കോടിയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി തമ്പിക്ക് കൈമാറി. തമ്പിയെ ബിനാമിയാക്കി വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കിയിരുന്നു.  

ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമ്പിയുടെ കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്. അതീവ രഹസ്യമായി ആയിരുന്നു സി സി തമ്പിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു തമ്പിയെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി തമ്പിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റ് ചെയ്ത മൂന്നാം ദിവസമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്‍റെ പേരിൽ മുമ്പും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു. 

click me!