
ദില്ലി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിന് മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റ് വഴികൾ ഇല്ലായിരുന്നുവെന്ന് പഞ്ചാബ് പൊലീസ്. ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബിലെ മോഗയിൽ ഗുരുദ്വാരയിൽ നിന്നുള്ള അമൃത്പാലിന്റെ ചിത്രങ്ങൾ പുറത്തുവന്നു. വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ് അമൃത്പാൽ സിങ്. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം.
ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷം അമൃത്പാൽ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയിരുന്നു. അമൃത്പാലിന്‍റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ അമൃത്പാലിനെതിരെ നിലവിലുണ്ട്.
മാർച്ച് 18 നാണ് അമൃത്പാൽ നേരത്തേ അറസ്റ്റിലായത്. അന്ന് ജലന്ധറിലെ സാകോട്ട് ടെഹ്സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ ഇയാളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘമാണ് അമൃത്പാലിനെ പിടികൂടിയത്. പക്ഷെ പൊലീസ് കസ്റ്റഡിയിൽ നിന്ന് അമൃത്പാൽ രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അമൃത്പാലിനെ പരമാവധി സമ്മർദ്ദത്തിലാക്കി കീഴ്പ്പെടുത്തുകയെന്ന പൊലീസ് തന്ത്രം വിജയിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam