കന്യാസ്ത്രീകൾക്കെതിരായ അതിക്രമം, ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും; സിപിഐ നേതാവ് ഫൂൽ സിങ്

Published : Aug 04, 2025, 11:00 AM IST
Nun attack victim family cpi leader Phool singh

Synopsis

ഛത്തീസ്‍ഗഡിൽ മതത്തിന്റെ പേരിൽ വേർതിരിച്ച് ആർഎസ്എസും ബജ്റംഗ് ദളും ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്. നിയമവ്യവസ്ഥ നാണം കെട്ടിരിക്കുകയാണ്

റായ്പൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ ജാമ്യത്തിന് പിന്നാലെ സന്യാസിനികൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ നേരെ നടന്ന അതിക്രമത്തിൽ ബജറംഗ്ദൾ പ്രവർത്തകർക്കെതിരെ കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സി പി ഐ നേതാവ് ഫൂൽ സിങ്. പെൺകുട്ടികളുടെ കുടുംബം മുഖാന്തരം കോടതിയെ സമീപിക്കുമെന്നാണ് ഫൂൽ സിങ് വിശദമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് നിലവിൽ പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന സി പി ഐ നേതാവ് ഫൂൽ സിങിന്റെ പ്രതികരണം. കേസിൽ നിയമവിരുദ്ധമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ കയറി ഇറങ്ങിയിട്ടാണ് പരാതി സ്വീകരിച്ചത്. സർക്കാർ വിഷയത്തെ ഗൗരവമായി കാണുന്നില്ല. ഈ മാസം ആറിന് നാരായൺപൂർ കേന്ദ്രീകരിച്ച് പ്രതിഷേധം നടത്തുമെന്നും സിപിഐ നാരായൺപൂർ അസി. സെക്രട്ടറിയായ ഫൂൽ സിങ് വിശദമാക്കി.

പൊലീസ് ഇപ്പോൾ പറയുന്നത് കാര്യങ്ങൾ പരിശോധിച്ച ശേഷമേ എഫ്ഐആർ ഇടൂ എന്നാണ്. ആദ്യം പരാതി നൽകാനായി പട്ടികജാതി പട്ടിക വർഗങ്ങൾക്കായുള്ള പൊലീസ് സ്റ്റേഷനിൽ പോയി. അവിടെ പരാതി സ്വീകരിക്കില്ലെന്ന് വിശദമാക്കിയ പൊലീസുകാ‍ർ എസ്പി ഓഫീസിലേക്ക് പോകാൻ നിർദ്ദേശിച്ചു. എസ്പി ഓഫീസിൽ പോയാണ് പരാതി നൽകാനായത്. കമലേശ്വരിയുടെ പൊലീസ് സ്റ്റേഷൻ കുക്ഡാജോറിലാണ്. അവിടെ പോയും പരാതി നൽകി. അതിനു ശേഷം 60 കിലോമീറ്റർ അപ്പുറമുള്ള ഊർച്ഛയിൽ പോയി നിയമപരമായും പരാതി നൽകി. അവിടേക്കുള്ള റോഡ് വളരെ മോശമാണ്. സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ നൽകുന്നില്ലെങ്കിൽ കോടതിയുടെ വാതിൽ മുട്ടാൻ നിർബന്ധിതരാവുമെന്നാണ് ഫൂൽ സിങ് വിശദമാക്കുന്നത്.

പെൺകുട്ടികൾ വലിയ ഭീതിയിലാണ്. ഉറങ്ങാൻ പറ്റുന്നില്ല. ആത്മഹത്യാപ്രവണത കാണിക്കുന്നുണ്ട്. അവർക്ക് മാനഹാനി സംഭവിച്ചിരിക്കുന്നു, സമ്മർദത്തെ തുടർന്ന് ദുർഗ് പൊലീസ് സ്റ്റേഷനിൽ അവർക്ക് മേൽ കള്ളക്കേസ് എടുത്തിട്ടുണ്ട്. ആ കേസ് റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഛത്തീസ്‍ഗഡിൽ മതത്തിന്റെ പേരിൽ വേർതിരിച്ച് ആർഎസ്എസും ബജ്റംഗ് ദളും ജനവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്. നിയമവ്യവസ്ഥ നാണം കെട്ടിരിക്കുകയാണ് അതിനെതിരെ റായ്പൂറും ദുർഗും അടക്കം പ്രധാന ഇടങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്നും ഫൂൽ സിങ് വിശദമാക്കി.

അതേ സമയം കന്യാസ്ത്രീകളുടെ അറസ്റ്റിൽ എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും. റെയിൽവേ , ഛത്തീസ്ഗഡ് പൊലീസ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുക. കേസ് എടുക്കുന്നതടക്കം തുടർ നടപടി വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്നാണ് എൻഐഎ വൃത്തങ്ങൾ പറയുന്നത്. കന്യാസ്ത്രീകളെയടക്കം ആക്രമിച്ച ബജ്റംഗ്ദൾ നേതാക്കൾക്ക് എതിരെ കേസെടുത്തേക്കും. ജ്യോതി ശർമ്മ അടക്കം ഉള്ളവർക്കെതിരെ പെൺകുട്ടികൾ പരാതി നൽകിയിരുന്നു. കേസ് റദ്ദാക്കുന്നതിൽ കത്തോലിക്ക സഭ ഹൈക്കോടതിയെ സമീപിക്കും.

ഗ്രാമത്തിലെ തങ്ങളുടെ വീട് എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടുമെന്ന ആശങ്കയിലാണ് ജീവിക്കുന്നതെന്ന് കന്യാസ്ത്രീകൾക്കൊപ്പം അതിക്രമത്തിന് ഇരയായ കമലേശ്വരി പ്രധാന്‍റെ സഹോദരിമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ബജറംഗ്ദൾ പ്രവർത്തകർ എന്തും ചെയ്യാൻ സാധ്യതയുണ്ട്. പ്രതിസന്ധിയിലൂടെയാണ് ജീവിതം കടന്നുപോകുന്നതെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഗ്രാമത്തിൽ ഉള്ളിൽ നിന്ന് തന്നെ ഭീഷണിയുണ്ട്, സങ്കടകരമായ കാര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ നടന്നത്, സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടാണ് സഹോദരി ജോലിക്ക് അയക്കേണ്ടി വന്നത്. ഓരോ ദിവസവും കടന്നുപോകുന്നത് വലിയ വെല്ലുവിളിയിലൂടെയെന്നുമാണ് കമലേശ്വരിയുടെ കുടുംബം വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ