
മുംബൈ: പൊതുസ്ഥലത്ത് പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാക്കിയ നിയമം നിലവിൽ വന്നതിന് ശേഷം മുംബൈയിൽ ഇതാദ്യമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. ഹിന്ദുജ ആശുപത്രിക്ക് സമീപം എൽ ജെ റോഡിലെ കബൂതർഖാനയ്ക്ക് സമീപം പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് കണ്ട ചിലർക്കെതിരെ മാഹിം പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ. രജിസ്റ്റർ ചെയ്തത്.
പൊതുസ്ഥലങ്ങളിലും പൈതൃക കേന്ദ്രങ്ങളിലും പ്രാവുകൾക്ക് ഭക്ഷണം നൽകുന്നതിന് ദീർഘകാലമായി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന് (ബിഎംസി) ബോംബെ ഹൈക്കോടതി ജൂലൈ 31ന് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് പുതിയ കേസ്.
പ്രാവുകളുടെ അനിയന്ത്രിതമായ കൂട്ടംചേരൽ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി പൊതുജനാരോഗ്യ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതികൾ രാവിലെ 6:50 ഓടെ ഒരു ഇരുചക്ര വാഹനത്തിൽ എത്തി കബൂതർഖാനയിൽ പ്രാവുകൾക്കായി ധാന്യങ്ങൾ വിതറി. നമ്പർ പ്ലേറ്റ് വ്യക്തമല്ലാത്തതിനാൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല, എന്നാൽ വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ബിഎൻഎസ്. സെക്ഷൻ 223 (പൊതുപ്രവർത്തകന്‍റെ ഉത്തരവ് ലംഘിക്കൽ), 270 (അണുബാധ പരത്താൻ സാധ്യതയുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തി), 271 (ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചുള്ള അശ്രദ്ധമായ പ്രവൃത്തി) എന്നിവ പ്രകാരമാണ് എഫ്ഐആർ. രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രാവുകൾക്ക് ഭക്ഷണം നൽകുന്നവർക്ക് ഇടക്കാല ആശ്വാസം നൽകാൻ നേരത്തെ വിസമ്മതിച്ചിട്ടും നിയമലംഘനങ്ങൾ തുടരുന്നതിൽ ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണിയും ആരിഫ് ഡോക്ടറും ഉൾപ്പെട്ട ബോംബെ ഹൈക്കോടതി ബെഞ്ച് അസംതൃപ്തി രേഖപ്പെടുത്തി.
"അവർ നിയമം അനുസരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിയമം അവരെ പിടികൂടണം" എന്ന് ബെഞ്ച് നിരീക്ഷിച്ചു. ഇത്തരം പ്രവൃത്തികൾ പൊതുശല്യമാണെന്നും മനുഷ്യജീവന് അപകടമുണ്ടാക്കുന്നുവെന്നും കോടതി കൂട്ടിച്ചേർത്തു.ഇതിനോട് പ്രതികരിച്ച്, ബിഎംസി കർശന നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദാദർ വെസ്റ്റിലെ പ്രശസ്തമായ കബൂതർഖാനയിലെ അനധികൃത നിർമ്മിതികൾ പൊളിച്ചുനീക്കുകയും പ്രാവുകൾക്കുള്ള തീറ്റ നീക്കം ചെയ്യുകയും ചെയ്തു. നിലവിൽ മൂന്ന് ഷിഫ്റ്റുകളിലായി ഉദ്യോഗസ്ഥരെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കും. ബീറ്റ് മാർഷൽമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായവും ഇതിനുണ്ടാകും. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ സിസിടിവി നിരീക്ഷണവും നിർബന്ധമാക്കിയിട്ടുണ്ട്.
ഈ നടപടിക്കെതിരെ മൃഗസംരക്ഷണ ഗ്രൂപ്പുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നിരോധനം ഭരണഘടനയുടെ ആർട്ടിക്കിൾ 51A(g) പ്രകാരമുള്ള കടമകളെയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തെയും ലംഘിക്കുന്നതാണെന്ന് അവർ വാദിക്കുന്നു. ഈ മാസമാദ്യം സാന്താക്രൂസിൽ 500-ലധികം പ്രവർത്തകർ പങ്കെടുത്ത ഏകോപിത പ്രതിഷേധം നടന്നിരുന്നു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് ഏഴിന് നടക്കും.