Latest Videos

ആരാണ് നുപുര്‍ ശര്‍മ്മ ? രാജ്യത്തിന് തലവേദനയായ വിവാദത്തിന് വഴിവച്ച ബിജെപി നേതാവ്

By Web TeamFirst Published Jun 6, 2022, 11:35 AM IST
Highlights

വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന, 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റ, സംഘർഷം ഉടലെടുത്തത് ഈ പ്രസ്താവനകളിൽ നിന്നായിരുന്നു.

പ്രവാചക നിന്ദാ പ്രസ്താവന നടത്തിയതിന്റെ പേരിൽ ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് പാര്‍ട്ടി വക്താവായ നുപുർ ശർമ്മ. ബിജെപിയെ വെട്ടിലാക്കിയ, കേന്ദ്രസർക്കാരിനെ രാജ്യത്തിന് പുറത്ത് ഗൾഫ് രാജ്യങ്ങളിലടക്കം സമ്മര്‍ദ്ദത്തിലാക്കിയ, കാൺപൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായ പ്രസ്താവന നടത്തിയ നുപുർ ശർമ്മ ആരാണ്? 

അഭിഭാഷകയാണ് നുപുർ ശർമ്മ. ബിജെപി നേതാവും പാർട്ടി വക്തമാവുമാണ്. മെയ് 28ന് നുപുർ ശർമ്മ ഒരു ടെലിവിഷൻ വാർത്താ ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ കാൺപൂരിൽ നടന്ന, 20 പോലീസുകാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റ, സംഘർഷം ഉടലെടുത്തത് ഈ പ്രസ്താവനകളിൽ നിന്നായിരുന്നു. പാർട്ടിയുടെ വിവിധ പദവികൾ വഹിച്ച നുപുർ ബിജെപിയുടെ പ്രമുഖ മുഖമാണ്. വിവാദം കത്തിപ്പടർന്നതോടെ തന്റെ പ്രസ്താവന പിൻവലിക്കുന്നതായി നുപുർ ട്വീറ്റ് ചെയ്തു. 

എന്താണ് കാൺപൂർ സംഘർഷത്തിലേക്ക് നയിച്ച ആ പ്രസ്താവന

മെയ് 28ന് ഗ്യാൻവാപി സംഭവത്തെ കുറിച്ചുള്ള ഒരു ടിവി ചർച്ചയിൽ, ഇസ്ലാമിക മതഗ്രന്ഥങ്ങളിൽ നിന്നുള്ള ചില കാര്യങ്ങൾ, ആളുകൾ എന്നിവ പരിഹാസ പാത്രമാണെന്ന് നുപുർ പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം മുസ്ലിംകൾ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന 'ശിവലിംഗം' ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവർ പറയുന്നതെന്നും നുപുർ ആരോപിച്ചു. 

Read More: ബിജെപി നേതാക്കളുടെ നബി നിന്ദ: ലോകരാഷ്ട്രങ്ങൾ ഇന്ത്യക്ക് പരസ്യശാസന നൽകണമെന്ന് പാക്കിസ്ഥാൻ

നുപുറിന്റെ വിശദീകരണം ഇങ്ങനെ

ശിവദേവനെ അപമാനിക്കുന്നതുമായി  ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ  പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല - അവർ ട്വിറ്ററിൽ കുറിച്ചു.

Read More: പ്രവാചക നിന്ദ: ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍, ഒമാനിലും പ്രതിഷേധം

വിദ്യാഭ്യാസം

ദില്ലി കോളേജിൽ നിന്നാണ് നുപുർ ബിരുദം പൂർത്തിയാക്കിയത്. സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് എംഎൽഎം നേടിയ നുപുർ കോളേജ് കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. 

Read More: 'എന്റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു'; പ്രവാചക നിന്ദയിൽ സസ്പെൻഷന് പിന്നാലെ വിശദീകരണവുമായി നുപുര്‍ ശര്‍മ്മ

രാഷ്ട്രീയം

എബിവിപി ടിക്കറ്റിൽ മത്സരിച്ച് ജയിച്ച നുപുർ ദില്ലി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായിരുന്നു. ഇവിടെ നിന്നാണ് നുപുർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിജെപിയുടെ യൂത്ത് വിംഗ് ബിജെവൈഎമ്മിന്റെ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, നാഷണൽ മീഡിയ ഇൻ - ചാർജ്, തുടങ്ങിയ ഭാരവാഹിത്വങ്ങളിൽ പ്രവർത്തിച്ചു. ബിജെപിയുടെ ഏറ്റവും ആക്ടീവായ വക്താക്കളിൽ ഒരാൾ കൂടിയായിരുന്നു നുപുർ. അതുകൊണ്ടുതന്നെ ടെലിവിൻ ചർച്ചകളിൽ നുപുർ സ്ഥിരം സാന്നിദ്ധ്യവുമാണ്. 2015 ൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ദില്ലി അസംബ്ലി മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ നുപുർ മത്സരിച്ചു. എന്നാൽ കെജ്രിവാളിനെ പരാചയപ്പെടുത്താൻ നുപുർ ശർമ്മയ്ക്കായില്ല. 

click me!