
തിരുവനന്തപുരം: എൻവിഎസ് 03... നാവിക്കിനെ തിരിച്ചുകൊണ്ടുവരാനുള്ള താക്കോൽ. എൻവിഎസ് 02വിന്റെ നഷ്ടം നികത്തേണ്ട ഉപഗ്രഹം, വിക്ഷേപണത്തറയിൽ റോക്കറ്റും ഉപഗ്രഹവും കുതിപ്പിന് തയ്യാറായിരിക്കുമ്പോൾ നെഞ്ചിടിപ്പേറാൻ കാരണങ്ങൾ ഏറെയാണ്. പ്രശ്നം ഒരു വാള്‍വാണ്.... കൃത്യമായി പറഞ്ഞാൽ ഉപഗ്രഹത്തിലെ പൈറോ വാൾവ്. ഒരു ഉപഗ്രഹം ബഹിരാകാശത്തെത്തിക്കഴിഞ്ഞാൽ ഭ്രമണപഥ ഉയർത്തലും തിരുത്തലുമെല്ലാം നടത്തുന്നത് സ്വന്തം ത്രസ്റ്ററുകൾ ഉപയോഗിച്ചാണ്. അതിനുള്ള ഇന്ധനവും ഓക്സിഡൈസറും പ്രത്യേകം പ്രത്യേകം ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. കൃത്യമായി അത് ത്രസ്റ്ററുകളിലേക്കെത്തിക്കാൻ പ്രത്യേക വാൾവ് സംവിധാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പൈറോ വാള്‍വുകൾ. ചെറിയൊരു ഇലക്ട്രിക് ചാർജ്ജ് കൊടുത്താൽ തുറക്കുന്ന ഇത്തരം വാൾവുകൾ ഒരിക്കൽ തുറന്നാൽ പിന്നെ അടയ്ക്കാനാകില്ല. ഇന്ധനവും ഓക്സിഡൈസറും ടാങ്കുകളിൽ നിന്ന് ലാം എഞ്ചിനിലേക്ക് ഒഴുകണമെങ്കിൽ ഈ വാള്‍വുകൾ തുറക്കണം. 2025 ജനുവരി 29ന് വിക്ഷേപിച്ച എൻവിഎസ് 02 ഉപഗ്രഹം ഭ്രമണപഥം ഉയർത്താനാകാതെ കുടുങ്ങിപ്പോകാൻ കാരണം ആ പേടകത്തിലെ ഓക്സിഡൈസർ വാൾവ് തുറക്കാത്തതാണ്. പ്രധാന വാള്‍വും, ബാക്കപ്പ് വാള്‍വും തുറക്കാനായില്ല, ഉപഗ്രഹം താഴ്ന്ന ഭ്രമണപഥത്തിൽപെട്ടു. നാവിക് ശൃംഖല തന്നെ പ്രതിസന്ധിയിലുമായി.ആ പ്രശ്നം പഠിച്ച ഇസ്രൊ വിദഗ്ധ സമിതി അനുമാനിച്ചത് വാൾവ് തുറക്കാനുള്ള സിഗ്നൽ കൈമാറേണ്ട കണക്ടറുകൾ വിട്ടുപോയിരിക്കാമെന്നാണ്. മെയിനിലേക്കും ബാക്കപ്പിലേക്കുമുള്ള കണക്ടറുകൾ ഒരുപോലെ വിട്ടുപോകുക അപൂർവ്വമാണെങ്കിലും ഇനിയങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചെന്നായിരുന്നു അന്നത്തെ വിശദീകരണം. ആ പരാജയത്തിന് ശേഷം ഇസ്രൊ വിക്ഷേപിച്ച സ്വന്തം ഉപഗ്രഹങ്ങൾക്കൊന്നും എൻവിഎസ് 02വിന്റെ അവസ്ഥയുണ്ടായില്ല. എൻവിഎസ് 03യുടെ കാര്യത്തിൽ പൈറോ വാള്‍വ് പ്രശ്നം ആവർത്തിക്കുമെന്ന ആശങ്കയിൽ ഇസ്രൊ ഒരു അസാധാരണ തീരുമാനമെടുത്തു. വാള്‍വുകൾ തുറന്നിട്ട അവസ്ഥയിൽ വിക്ഷേപണം നടത്തും. ഒരു പരാജയസാധ്യത അടയ്ക്കുമ്പോഴും മറ്റൊരു പ്രശ്ന സാധ്യത തുറക്കുന്ന തീരുമാനമാണിത്. പൈറോ വാൾവുകൾ കടന്ന് ഓക്സിഡൈസർ ലാം എഞ്ചിനിലേക്ക് എത്തും മുമ്പ് ലാച്ച് വാൾവുകൾ കൂടിയുണ്ട്. ആദ്യ വാള്‍വ് തുറന്ന് കിടക്കുന്നതിനാൽ വിക്ഷേപണത്തിനിടെയുള്ള ശക്തമായ വൈബ്രേഷൻ ലാച്ച് വാൾവിനെ ബാധിച്ചാൽ ഉപഗ്രഹം അപകടത്തിലാകും. ഇങ്ങനൊരു റിസ്ക് എടുക്കും മുന്പ് ആവശ്യത്തിന് പരീക്ഷണം നടത്തി വിക്ഷേപണ സമയത്തെ വൈബ്രേഷൻ ലാച്ച് വാൾവിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കിയെന്നാണ് ഇസ്രൊ വൃത്തങ്ങൾ പറയുന്നത്. ഇതാണ് എറ്റവും മികച്ച പരിഹാരമെന്ന അഭിപ്രായം പക്ഷേ എല്ലാവർക്കുമില്ല. പൈറോ വാള്‍വുകളിലെ പ്രശ്നം നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാര പ്രശ്നമാകാം എന്നാണ് ഇവർ പറയുന്നത്. കൂടുതൽ കർശനമായ ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കേണ്ടത് അതിനാൽ അത്യാവശ്യമാണ്. വരും ദൗത്യങ്ങളിൽ അത് കർശനമായി നടപ്പാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam