ദില്ലിയിൽ നവംബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മെഗാ റാലി മാറ്റിവെക്കണമെന്ന് ആവശ്യം. റാലി മാറ്റിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് വ്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് കത്തെഴുതി.
ദില്ലി: ദില്ലിയിൽ നവംബർ ഒന്നിന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മെഗാ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് കത്തെഴുതി വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻ്റ് ഇൻഡസ്ട്രി (സിടിഐ) ആണ് സോണിയയ്ക്ക് കത്തെഴുതിയത്. ദീപാവലി സീസണിൽ നടക്കുന്ന റാലി മൂലം രാജ്യതലസ്ഥാനത്തെ 20 മാർക്കറ്റുകളിൽ 12,000 കോടി രൂപയുടെ വ്യാപാരം തടസ്സപ്പെടുമെന്ന ആശങ്ക പങ്കുവെച്ചാണ് സിടിഐയുടെ കത്ത്. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സിടിഐ കത്തെഴുതിയിരുന്നു.
ദീപാവലി ഷോപ്പിങ് സീസണിനുള്ള ഒരുക്കങ്ങൾ മാർക്കറ്റുകളിൽ നടക്കുമ്പോഴാണ് രാഹുൽ ഗാന്ധി റാലി പ്രഖ്യാപിച്ചതെന്ന് സിടിഐ കത്തിൽ പറയുന്നു. സെൻട്രൽ ദില്ലിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാനായി ഏകദേശം 10 ലക്ഷത്തോളം ആളുകളും 20,000 ത്തോളം വാഹനങ്ങളും എത്തിയാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും മാർക്കറ്റുകളിലേക്കുള്ള ചരക്കുനീക്കത്തെ ബാധിക്കുമെന്നും സിടിഐ കത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ദീപാവലിക്ക് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് റാലി മാറ്റിവെക്കണമെന്നാണ് സിടിഐയുടെ ആവശ്യം.
റാലിയെ എതിർക്കുകയല്ലെന്നും ദീപാവലി സീസണിലെ തിരക്കേറിയ സമയത്ത് തങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കണമെന്നുള്ള ഹൃദയംഗമമായ അഭ്യർത്ഥനയാണ് നടത്തുന്നതെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. ഈ 20 മാർക്കറ്റുകൾ വെറുമൊരു കച്ചവടസ്ഥലങ്ങൾ മാത്രമല്ല. അവ ദില്ലിയുടെ ഹൃദയമിടിപ്പാണ്. ഒക്ടോബർ 31നും നവംബർ ഒന്നിനും സെൻട്രൽ ദില്ലിയിൽ ലോക്ക്ഡൗണിന് സമാനമായ ഗതാഗതക്കുരുക്ക് ഉണ്ടായാൽ, ധൻതേരാസിനും ദീപാവലിക്കമുള്ള സാധനങ്ങൾ എങ്ങനെ അകത്തേക്കും പുറത്തേക്കും കൊണ്ടുപോകും എന്ന ആശങ്കയിലാണ് വ്യാപാരികൾ എന്നും കോടിക്കണക്കിന് രൂപയുടെ വ്യാപാരം സ്തംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാംലീല മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യക്കുറവും സിടിഐ കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം സിടിഐ രണ്ട് നിർദേശങ്ങളും കത്തിൽ മുന്നോട്ടുവെച്ചു. ഒന്നുകിൽ നവംബർ 10ന് ശേഷമുള്ള തീയതിയിലേക്ക് റാലി മാറ്റിവെക്കണമെന്ന് സിടിഐ കത്തിൽ ആവശ്യപ്പെട്ടു. ഇതിന് സാധിച്ചില്ലെങ്കിൽ നവംബർ ഒന്നിന് രാംലീല മൈതാനിയിൽ നിശ്ചയിച്ച റാലി ബുരാരി മൈതാനിയിലേക്ക് മാറ്റണമെന്നാണ് സിടിഐയുടെ ആവശ്യം.






