
ദില്ലി: കിഴക്കൻ ലഡാക്കിലെ തന്ത്ര പ്രധാന മേഖലയിൽ വ്യോമതാവളം പ്രവർത്തനക്ഷമമാക്കി ഇന്ത്യ. ചൈനീസ് അതിർത്തിയോട് ചേർന്ന ന്യോമ വ്യോമതാവളമാണ് വീണ്ടും പ്രവർത്തനക്ഷമമാക്കിയത്. അരുണാചൽ പ്രദേശത്തെ പൂർവി പ്രചണ്ഡ് പ്രഹാർ സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെയാണ് കിഴക്കൻ ലഡാക്കിലെ വ്യോമ താവളം സജ്ജമാക്കിയത്.
സമുദ്ര നിരപ്പിൽ നിന്ന് 13710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വ്യോമതാവളമാണിത്. ദില്ലിയിലെ ഹിൻഡൺ എയർപോർട്ടിൽ നിന്ന് ന്യോമയിെ മുദ് എയർഫീൽഡിലേക്ക് സി-130ജെ 'സൂപ്പർ ഹെർക്കുലീസ്' വിമാനം പറത്തിയാണ് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഈ വ്യോമതാവളത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർ മാർഷൽ ജിതേന്ദ്ര മിശ്ര അദ്ദേഹത്തെ അനുഗമിച്ചു.
ചൈനീസ് അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ന്യോമ വ്യോമതാവളം 230 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. 2.7 കിലോമീറ്റർ നീളത്തിൽ റൺവേ വികസിപ്പിച്ചു. എയർ ട്രാഫിക് കൺട്രോൾ സമുച്ചയം ക്രാഷ് ബേ, താമസ സൗകര്യങ്ങൾ, ഹാംഗറുകൾ തുടങ്ങിയവയും ഇവിടെ നിർമിച്ചു.
കിഴക്കൻ ലഡാക്കിലെ പാംഗോങ് ത്സോ, ഡെംചോക്ക്, ഡെപ്സാങ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൈന്യത്തിന് ആയുധങ്ങളടക്കം വേഗത്തിൽ വിതരണം ചെയ്യാൻ ഈ വ്യോമതാവളം സഹായിക്കും. 2026 ൽ ഇവിടെ യുദ്ധ വിമാനങ്ങൾ പറന്നിറങ്ങും. ലേ, കാർഗിൽ, തോയിസ് എയർ ഫീൽഡുകൾക്കും ദൗലത്ത് ബേഗ് ഓൾഡി അഡ്വാൻസ്‌ഡ് ലാൻഡിങ് ഗ്രൗണ്ടിനും പുറമെ ലഡാക്കിൽ ഇന്ത്യൻ വ്യോമസേനയുടെ മറ്റൊരു പ്രധാന താവളമായി ഭാവിയിൽ ഇവിടം മാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam