
ചെന്നൈ: അണ്ണാ ഡിഎംകെയുടെ ട്രഷറർ ഇപ്പോഴും താൻ തന്നെയാണെന്ന് ഒ.പനീർശെൽവം. പാർട്ടിയുടെ അക്കൗണ്ടിലുള്ള പണം കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത് എന്നുകാട്ടി പാർട്ടിക്ക് നിക്ഷേപമുള്ള ബാങ്കുകൾക്ക് പനീർശെൽവം കത്ത് നൽകി. ചെന്നൈയിൽ നടന്ന പാർട്ടി ജനറൽ കൗൺസിൽ യോഗം ഒപിഎസിനെ നീക്കി ദിണ്ടിഗൽ ശ്രീനിവാസനെ പുതിയ ട്രഷറർ ആയി തെരഞ്ഞെടുത്തിരുന്നു. പുതിയ ട്രഷറർ താനാണെന്ന് കാട്ടി ദിണ്ടിഗൽ ശ്രീനിവാസൻ കത്ത് നൽകിയതിന് പിന്നാലെയാണ് ഒപിഎസ് ബാങ്കുകളെ സമീപിച്ചത്. ഇപ്പോഴും പാർട്ടി കോ ഓഡിനേറ്ററും താൻ തന്നെയാണെന്നാണ് ഒപിഎസിന്‍റെ അവകാശവാദം.
അതിനിടെ, ഇന്നലെ അണ്ണാ എഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒപിഎസിനും കൂട്ടർക്കും പങ്കുണ്ടെന്ന് കാട്ടി പാർട്ടി പൊലീസിന് പരാതി നൽകി. ഒ.പനീർശെൽവം, അദ്ദേഹത്തിന്‍റെ വിശ്വസ്ഥരായ ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെസിടി പ്രഭാകരൻ എന്നിവർക്കെതിരെയാണ് പരാതി. ഇവരുടെ ആഹ്വാനപ്രകാരമാണ് അണികൾ ഓഫീസ് ആക്രമിച്ചതെന്ന് കാട്ടി അണ്ണാ ഡിഎംകെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി ആദിരാജാറാം റോയാപേട്ട പൊലീസിനാണ് പരാതി നൽകിയത്. ഇന്നലത്തെ സംഘർഷത്തിൽ 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപിഎസ് പക്ഷവും ഒപിഎസ് പക്ഷവും നൽകിയ പരാതികളിലും പൊലീസ് സ്വമേധയാ എടുത്ത കേസും നിലവിലുണ്ട്. ഇതിന് പുറമേയാണ് ഒപിഎസിനെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ട് പാർട്ടി പരാതി നൽകിയത്. ഇന്നലെ ഓഫീസിന്‍റെ മുൻവാതിൽ ചവിട്ടിത്തുറന്നാണ് അണികൾ ഒപിഎസിനെ ഉള്ളിലേക്ക് കൊണ്ടുപോയത്.
ഇന്നലെ, അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ ചേരാൻ മദ്രാസ് ഹൈക്കോടതി പളനിസ്വാമി വിഭാഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് അണികൾ റോയാപേട്ടയിലെ ഓഫീസിന്റെ വാതിലുകൾ തകർത്ത് പനീർശെൽവത്തെ അകത്തേക്ക് കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇരുവിഭാഗവും റോയാപേട്ടയിൽ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോടതി വിധിക്ക് പിന്നാലെ ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗം, ഒ.പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പാർട്ടിയിൽ നടപ്പാക്കിയ ഇരട്ടനേതൃത്വ പദവി ജനറൽ കൗൺസിൽ റദ്ദാക്കുകയും എടപ്പാടി കെ.പളനിസ്വാമിയെ താൽക്കാലിക സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. പനീർശെൽവത്തിന് പുറമേ, ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയും നടപടി എടുത്തു. അണ്ണാ ഡിഎംകെയിൽ നിന്ന് എല്ലാ അർത്ഥത്തിലും പുറത്തായ പനീർശെൽവം അടുത്തത് എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam