അണ്ണാ ഡിഎംകെ ആസ്ഥാനത്തെ ആക്രമണം, ഒ.പനീർശെൽവത്തിനെതിരെ പരാതി

Published : Jul 12, 2022, 01:46 PM IST
അണ്ണാ ഡിഎംകെ ആസ്ഥാനത്തെ ആക്രമണം, ഒ.പനീർശെൽവത്തിനെതിരെ പരാതി

Synopsis

ഓഫീസിന് നേരെയുണ്ടായ ആക്രമണം പനീർശെൽവത്തിന്റെ ആഹ്വാനപ്രകാരമെന്ന് പരാതി, ഇന്നലത്തെ സംഘർഷത്തിൽ 400 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ചെന്നൈ: മുൻ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ.പനീർശെൽവത്തിനെതിരെ തമിഴ്നാട് പൊലീസിൽ പരാതി. റോയാപേട്ടയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പങ്കുണ്ടെന്ന് കാട്ടിയാണ് എതിർ വിഭാഗം പരാതി നൽകിയത്. പനീർശെൽവം, അദ്ദേഹത്തിന്റെ വിശ്വസ്തരായ ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയാണ് പരാതി. ഇവരുടെ ആഹ്വാനപ്രകാരമാണ് അണ്ണാ ഡിഎംകെ ഓഫീസ് അനുയായികൾ ആക്രമിച്ചതെന്ന് കാട്ടി, അണ്ണാ ഡിഎംകെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രട്ടറി ആദിരാജാറാം റോയാപേട്ട പൊലീസിലാണ് പരാതി നൽകിയത്. 

ഇന്നലെ, അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ ചേരാൻ മദ്രാസ് ഹൈക്കോടതി പളനിസ്വാമി വിഭാഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് അണികൾ റോയാപേട്ടയിലെ ഓഫീസിന്റെ വാതിലുകൾ തകർത്ത് പനീർശെൽവത്തെ അകത്തേക്ക് കൊണ്ടുപോയത്. ഇതിനുപിന്നാലെ ഇരുവിഭാഗവും റോയാപേട്ടയിൽ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ 400 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കോടതി വിധിക്ക് പിന്നാലെ ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗം, ഒ.പനീർശെൽവത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗമായി പാർട്ടിയിൽ നടപ്പാക്കിയ ഇരട്ടനേതൃത്വ പദവി ജനറൽ കൗൺസിൽ റദ്ദാക്കുകയും എടപ്പാടി കെ.പളനിസ്വാമിയെ താൽക്കാലിക സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു. പനീർശെൽവത്തിന് പുറമേ, ആർ.വൈദ്യലിംഗം, പി.എച്ച്.മനോജ് പാണ്ഡ്യൻ, ജെ.സി.ടി.പ്രഭാകരൻ എന്നിവർക്കെതിരെയും നടപടി എടുത്തു. അണ്ണാ ഡിഎംകെയിൽ നിന്ന് എല്ലാ അർത്ഥത്തിലും പുറത്തായ പനീർശെൽവം അടുത്തത് എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം.
 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്