
കാണ്ഡമാൽ: സ്‌കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദിയിലാണ് സംഭവം. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥി തുഷാർ മിശ്രയാണ് മരിച്ചത്. സംഭവത്തിൽ അധ്യാപകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.
ഒക്ടോബർ 15 നാണ് സംഭവം നടന്നത്. അബദ്ധത്തിലാണ് കുട്ടി പിൻ വിഴുങ്ങിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തുടർന്ന് കുട്ടിയും സഹപാഠികളും അധ്യാപകരായ സീമയോടും ഫിറോസിനോടും കാര്യം പറഞ്ഞെങ്കിലും ഇവരിത് കാര്യമാക്കി എടുത്തില്ല. കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് ഇവരെ മടക്കി അടയച്ചു. ഇതിന് പുറമെ പിൻ വിഴുങ്ങിയ കുട്ടിക്ക് ഭക്ഷണവും വെള്ളവും അധ്യാപകർ നൽകുകയും ചെയ്തു.
ഇതോടെ പിൻ കൂടുതൽ ആഴത്തിലേക്ക് പോയി. അമ്മയുടെ സഹോദരൻ്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. വൈകിട്ട് വീട്ടിലെത്തിയ കുട്ടി വയറുവേദന സഹിക്കാനാകാതെ വന്നതോടെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഇതിനോടകം വീട്ടുകാരോട് താൻ പിൻ വിഴുങ്ങിയ കാര്യം കുട്ടി പറഞ്ഞിരുന്നു. എക്‌സ്റേ പരിശോധനയിൽ ശ്വാസകോശത്തിൽ പിൻ കുത്തി നിൽക്കുന്നതായി കണ്ടെത്തി. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി ഭുവനേശ്വറിലെ ക്യാപിറ്റൽ ആശുപത്രിയിലേക്കും പിന്നീട് കട്ടക്കിലെ ശിശു ഭവനിലേക്കും കൊണ്ടുപോയി.
ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ശ്വാസകോശത്തിൽ നിന്നും പിൻ നീക്കം ചെയ്തു. എന്നാൽ കുട്ടി കോമയിലേക്ക് പോയി. ചികിത്സയിൽ തുടരുന്നതിനിടെ ഒക്ടോബർ 26 ന് കുട്ടി മരിച്ചു. തൊട്ടടുത്ത ദിവസം സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ അച്ഛൻ പൊലീസിന് പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അധ്യാപകർ കുട്ടി പിൻ വിഴുങ്ങിയ കാര്യം സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പക്ഷെ ഇതുവരെ കേസെടുത്തിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam