
ദില്ലി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്‍റെ ഭൂട്ടാൻ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മർദ്ദവും നേരിട്ടതിനെ തുടർന്ന് സുരക്ഷാ കാരണങ്ങളാൽ സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മന്ത്രി ഭൂട്ടാനിലേക്ക് യാത്ര തിരിച്ചത്. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തിക കാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
കേന്ദ്ര ധനമന്ത്രി തന്‍റെ ഔദ്യോഗിക പര്യടനം 1765-ൽ സ്ഥാപിതമായ ചരിത്രപ്രസിദ്ധമായ സാംഗ്‌ചെൻ ചോഖോർ മൊണാസ്ട്രി സന്ദർശിച്ച് ആരംഭിക്കും. ഇവിടെ നൂറിലധികം സന്യാസിമാർ ബുദ്ധമത പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്. സന്ദർശനത്തിന്‍റെ ഭാഗമായി, ഇന്ത്യൻ സർക്കാരിന്‍റെ പിന്തുണയോടെ നടപ്പിലാക്കുന്ന നിരവധി സുപ്രധാന പദ്ധതികൾ സീതാരാമൻ വിലയിരുത്തും. കുറിച്ചൂ ഹൈഡ്രോപവർ പ്ലാന്‍റ് ഡാമും പവർ ഹൗസും, ഗ്യാല്‌സുംഗ് അക്കാദമി, സാംഗ്‌ചെൻ ചോഖോർ മൊണാസ്ട്രി, പുനാഖ സോങ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്ക്, പ്രധാനമന്ത്രി ദാഷോ ഷെറിംഗ് തോബ്ഗെ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ഭൂട്ടാനിലെ ധനമന്ത്രി ലെകി ഡോർജിയുമായി ഉഭയകക്ഷി ചർച്ച നടത്തുകയും, ഇന്ത്യ-ഭൂട്ടാൻ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഡിജിറ്റൽ, സാമ്പത്തിക ബന്ധത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, കോട്ടേജ് ആൻഡ് സ്മോൾ ഇൻഡസ്ട്രീസ് മാർക്കറ്റ് സന്ദർശിക്കുന്ന നിർമ്മല സീതാരാമൻ, ഇന്ത്യയുടെ യുണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് ഉപയോഗിച്ചുള്ള ഒരു ഇടപാടിന് സാക്ഷ്യം വഹിക്കും.