റഷ്യന്‍ വിനോദസഞ്ചാരികളുടെ ദുരൂഹമരണം: അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

Published : Dec 28, 2022, 02:54 PM IST
റഷ്യന്‍ വിനോദസഞ്ചാരികളുടെ ദുരൂഹമരണം: അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സര്‍ക്കാര്‍

Synopsis

റഷ്യൻ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്‍റോവ്, സഹയാത്രികനായ വ്‌ളാദിമിര്‍ ബിഡ്‌നോവ് എന്നിവരെയാണ് ഒഡിഷയിലെ റായ്ഗഡിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഭുവനേശ്വര്‍: പാർലമെന്‍റ് അംഗം ഉൾപ്പടെ റഷ്യൻ വിനോദ സഞ്ചാരികൾ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. റഷ്യൻ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്‍റോവ്, സഹയാത്രികനായ വ്‌ളാദിമിര്‍ ബിഡ്‌നോവ് എന്നിവരെയാണ് ഒഡിഷയിലെ റായ്ഗഡിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിവാസികളെ കുറിച്ച് പഠിക്കാനും ആന്‍റോവിന്‍റെ പിറന്നാൾ ആഘോഷിക്കാനും കൂടിയാണ് മറ്റ് രണ്ട് സുഹ‍ൃത്തുക്കൾക്കൊപ്പം ബിഡ്നോവ് ഒഡിഷയിൽ എത്തിയത്. കഴിഞ്ഞ ബുധനാഴ്ച നാലംഗ റഷ്യന്‍ സംഘം റായ്ഗഡയിലെ ഹോട്ടലില്‍ മുറിയെടുത്തു. അടുത്ത ദിവസമാണ് വ്ലാദിമിൽ ബിഡ്നോവിനെ ഹോട്ടലിന്‍റെ ഒന്നാം നിലയിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ബിഡ്നോവ് മരിച്ചിരുന്നു. 

ഒഴിഞ്ഞ വീഞ്ഞ് കുപ്പികൾക്ക് നടുവിലാണ് ബിഡ്നോവിനെ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് ശനിയാഴ്ച്ച ആന്‍റോവിനെയും ഹോട്ടലിന് മുന്നിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി. മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണാണ് ആന്‍റോവ് മരിച്ചതെന്നാണ് നിഗമനം. ബിഡ്‍നോവിന്‍റെ മരണത്തിന് ശേഷം ആന്‍റോവ് വിഷാദരോഗാവസ്ഥയിലായിരുന്നു എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ വിലയിരുത്തൽ. അതേസമയം, പവേല്‍ ആന്‍റോവ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനാണെന്നും റിപ്പോർട്ടുകളുണ്ട്. 

യുക്രൈന് നേരേയുള്ള റഷ്യന്‍ ആക്രമണത്തില്‍ വിമർശനം ഉന്നയിക്കുകയും പിന്നീട് ഈ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. രണ്ട് പേരുടെ മരണത്തിലും ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം. ഒഡിഷ പൊലീസ് അന്വേഷണം തുടരുകയാണ്. സംഘത്തിലെ മറ്റ് രണ്ടുപേരോടും ഒഡിഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ