ഒഡിഷയിൽ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു, നില ഗുരുതരം; എഎസ്ഐ കസ്റ്റഡിയിൽ, വെടിയുതിർത്തത് തൊട്ടടുത്ത് നിന്ന്

By Web TeamFirst Published Jan 29, 2023, 1:50 PM IST
Highlights

സംഭവത്തിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്ഐ ഗോപാൽ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന്  പിന്നിലുള്ള കാരണം വ്യക്തമല്ല

ഭുവനേശ്വർ: ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

മന്ത്രി നവ ദാസിന്റെ നെഞ്ചിലാണ് വെടിയേറ്റത്. അക്രമി രണ്ട് തവണ വെടിയുതിർത്തു. അത്യാസന്ന നിലയിലായ ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിയെ വിദഗ്ധ പരിശോധനക്കായി  വലിയ ആശുപത്രിയിലേക്ക് വ്യോമ മാർഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. സംസ്ഥാനത്ത് ബിജെഡി പാർട്ടിയുടെ മുതിർന്ന നേതാവ് കൂടിയാണ് നവ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതിൽ പാർട്ടി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്.

മന്ത്രിക്ക് നേരെ വെടിയുതിർത്ത എഎസ്ഐ ഗോപാൽ ദാസ് മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. മന്ത്രിയുടെ തൊട്ടടുത്ത് നിന്ന് തുടർച്ചയായി രണ്ട് തവണ തന്റെ ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് എഎസ്ഐ ഗോപാൽ ദാസ് മന്ത്രിക്ക് നേരെ വെടിയുതിർത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇതിന്റെ കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാൽ ദാസിനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുകയാണ്. ജാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ്‌നഗർ ടൗണിലാണ് സംഭവം നടന്നത്. ഇവിടെ ഗാന്ധി ചൗകിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. 

click me!