
ഭുവനേശ്വർ: ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന് സമീപത്തെ നിരോധിത മേഖലയിൽ നിന്ന് ഫോട്ടോ പകർത്തിയ മന്ത്രിയുടെ മകൾക്ക് നേരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം. ഒഡീഷ ആരോഗ്യ മന്ത്രിയുടെ മകൾ നബ കിഷോറിനും സുഹൃത്തുക്കളായ മൂന്ന് നടിമാർക്കുമെതിരെയാണ് വിമർശനങ്ങളുയരുന്നത്. നടിമാരായ പ്രകൃതി മിശ്ര, എലീന സമന്തരി, ദിപാലി ദാസ് എന്നിവർക്കൊപ്പമാണ് നബ കിഷോർ അണക്കെട്ട് സന്ദർശിച്ചത്.
ഒഡീഷയിലെ സംബാൽപൂർ ജില്ലയിലാണ് ഹിരാക്കുഡ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ബുർളയിൽനിന്ന് പുറപ്പെട്ട നബയും സുഹൃത്തുക്കളും ശനിയാഴ്ചയാണ് ഹിരാക്കുഡിലെത്തിയത്. ഇതിനിടെ അണക്കെട്ടിന് സമീപത്തെത്തിയ സംഘം സന്ദർശന നിരോധനം ഏർപ്പെടുത്തിയ മേഖലയിൽ പ്രവേശിച്ച് ചിത്രങ്ങളും വീഡിയോകളും പകർത്തുകയായിരുന്നു. നബയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
എന്നാൽ, നിരോധിത മേഖലയിൽ അതിക്രമിച്ച് കടന്ന് ചിത്രങ്ങൾ പകർത്തിയ നബയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ ആളുകൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സുരക്ഷ മറികടന്ന് മന്ത്രിയുടെ മകളും താരങ്ങളും എങ്ങനെ അവിടെ പ്രവേശിച്ചെന്നായിരുന്നു വിമർശനം. സംഭവവുമായി ബന്ധപ്പെട്ട് ഹിരാക്കുഡ് എസ്ഡിപിഒയിൽ നിന്ന് സംബാൽപൂർ എസ്പി കൻവർ വിശാൽ സിംഗ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam