
ഭുവനേശ്വര്‍: രാജ്യം നടുങ്ങിയ ഒഡിഷയിലെ ട്രെയിൻ ദുരന്തത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തി രക്ഷപ്പെട്ട യാത്രക്കാരന്റെ വെളിപ്പെടുത്തൽ. വാർത്താ ഏജൻസിയായ എഎൻഐയോടാണ് യാത്രക്കാരൻ ദുരന്തത്തിന്റെ ഭീകരത വിവരിച്ചത്. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽപ്പെടുമ്പോൾ മിക്കവരും ഉറക്കത്തിലായിരുന്നുവെന്ന് ഇയാൾ പറയുന്നു.
''ട്രെയിൻ അപകടത്തിലാകുമ്പോൾ ഉറക്കത്തിലായിരുന്നു. പെട്ടെന്ന് എഴുന്നേറ്റു. എന്റെ മുകളിൽ പത്തുപതിനഞ്ചുപേർ ഉണ്ടായിരുന്നു. എന്റെ കൈക്കും കഴുത്തിനും പരുക്കേറ്റു. അപകടത്തിൽപ്പെട്ട ട്രെയിനിനു പുറത്തേക്കു കടന്നപ്പോൾ കണ്ടത് ഭീകരമായ കാഴ്ചയായിരുന്നു. ചുറ്റും കൈകാലുകള്‍ ചിതറിത്തെറിച്ച നിലയിൽ മൃതദേഹങ്ങൾ. ചുറ്റും രക്തം തളംകെട്ടി നിൽക്കുന്നു ശരീരത്തിൽ നിന്ന് വേർപെട്ട കൈകാലുകൾ ചിതറിക്കിടക്കുകയായിരുന്നുവെന്നും പലരുടെയും മുഖം വികൃതമായിരുന്നു. രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് ദുഃഖം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ, എന്റെ ആദരാഞ്ജലികൾ അറിയിക്കുന്നു'' – ഇയാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. ഹൗറയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് ഇയാൾ യാത്ര ചെയ്തത്.
ഇന്നലെ വൈകീട്ട് 6.55 നാണ് 12841 ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാറിൽനിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ പാളംതെറ്റി മറിഞ്ഞത്. 12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡൽ എക്സ്പ്രസിലേക്ക് ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്. ബംഗളൂരു ഹൗറ ട്രെയിനിന്റെ നാല് ബോഗികൾ പൂർണ്ണമായി തകർന്നു. രണ്ടാമത് ഇടിച്ചു കയറിയ ബംഗളൂരു- ഹൗറ ട്രെയിനിന്റെ ബോഗികൾ തൊട്ടടുത്ത ട്രാക്കിൽ ഉണ്ടായിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam