
പട്‌ന: ബിഹാറിലെ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാർ സർക്കാറിനെതിരെ വോട്ട് ചെയ്‌താൽ തനിക്ക് 10 കോടി രൂപയും ക്യാബിനറ്റ് പദവിയും വാഗ്ദാനം ചെയ്തതായി ജെഡിയു ഹർലാഖി എംഎൽഎ സുധാൻഷു ശേഖർ ആരോപിച്ചു. എൻഡിഎ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ഹിൽസയിൽ നിന്നുള്ള മറ്റൊരു പാർട്ടി എംഎൽഎ കൃഷ്ണ മുരാരി ശരണ്‍, നിരഞ്ജൻ കുമാർ മേത്ത എന്നിവര്‍ക്കും പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തതായി പട്നയിലെ കോട്വാലി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ശേഖർ ആരോപിച്ചു.
ജെഡിയു പർബത്ത എംഎൽഎ ഡോ സഞ്ജീവ് കുമാറിനെതിരെ ഇദ്ദേഹം ആരോപണം ഉന്നയിച്ചു. ആർജെഡിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സഞ്ജീവ് പാർട്ടി എംഎൽഎമാരെ പ്രലോഭിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സഞ്ജീവ് കുമാറിനെ ജാർഖണ്ഡ് ഭാഗത്തുനിന്ന് ബീഹാറിലേക്ക് കടക്കുന്നതിനിടെ നവാഡ പൊലീസ് കസ്റ്റഡിയിലെടുത്തതായും ശേഖർ പറഞ്ഞു. പിന്നീട് പോലീസ് അകമ്പടിയോടെ സഞ്ജീവിനെ പട്‌നയിലെത്തിച്ചു. തിങ്കളാഴ്ച, വിശ്വാസ പ്രമേയത്തിൻ്റെ വോട്ടെടുപ്പിന് അര മണിക്കൂർ മുമ്പാണ് അദ്ദേഹം നിയമസഭയിലെത്തിയത്.
Read More... ലോക്സഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ കെപിസിസിയില്‍ വാര്‍ റൂം, എം ലിജു ചെയര്‍മാന്‍
ഫെബ്രുവരി 10 ന് സുനില്‍ എന്ന എന്‍ജിനീയര്‍ എന്നെ വാട്ട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടുകയും മുഖ്യമന്ത്രിയുടെ വിശ്വാസവോട്ടെടുപ്പിൽ സർക്കാറിനെതിരെ വോട്ട് ചെയ്താൽ 10 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് അഞ്ച് കോടി രൂപയും ശേഷം ബാക്കി തുകയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നത് തടയാൻ ജെഡിയു എംഎൽഎമാരായ ബീമാ ഭാരതി, ദിലീപ് റായി എന്നിവരെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതായി ഹർലാഖി എംഎൽഎ ആരോപിച്ചു. ഞങ്ങളുടെ പാർട്ടി എംഎൽഎ ഡോ. സഞ്ജീവും ആർ.ജെ.ഡിയുമായി ബന്ധമുള്ള എൻജിനീയർ സുനിലും ചേർന്നാണ് രണ്ട് എം.എൽ.എമാരെ തട്ടിക്കൊണ്ടുപോയതെന്നും പരാതിയിൽ പറയുന്നു. വിശ്വാസവോട്ടെടുപ്പിൽ നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം നേടിയിരുന്നു.