
ബെല്ലാരി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളിയ സംഭവത്തില്‍ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി. ദൃശ്യങ്ങളില്‍ കണ്ടതെല്ലാം സത്യമാണെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ ഖേദമറിയിക്കുന്നതായും ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യങ്ങളില്‍ ബെല്ലാരിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ വിജനമായ സ്ഥലത്ത് തയ്യാറാക്കിയ വലിയ കുഴിയിലേക്ക് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ സംഘം അലക്ഷ്യമായി എറിഞ്ഞുകളയുന്നതായിരുന്നു ദൃശ്യം.
വീഡിയോ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ, മൃതദേഹങ്ങളോട് അനാദരവ് കാട്ടിയതില്‍ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബെല്ലാരി ജില്ലാ ഭരണാധികാരികള്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
'സംഭവത്തില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മരിച്ചവരുടെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങളിലും അത് വേദനയുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. അര്‍ഹിക്കുന്ന മര്യാദയോടുകൂടി തന്നെ വേണം മൃതദേഹങ്ങളെ മറവ് ചെയ്യാന്‍. അതിന് ചുമതലപ്പെടുത്തിയ സംഘം ആ മര്യാദ കാണിച്ചില്ലെന്നത് ശരിയാണ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും അവര്‍ പാലിച്ചിരുന്നു. പക്ഷേ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ മാത്രം പിഴവ് സംഭവിക്കുകയായിരുന്നു. ആ സംഘത്തിനെ ആകെയും ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ട്. പകരം പുതിയ സംഘമായിരിക്കും ഇതേ ജോലി ചെയ്യുക...'- ജില്ലാ ഭരണകൂടത്തിന് വേണ്ടി ഉദ്യോഗസ്ഥനായ എസ് എസ് നകുല അറിയിച്ചു.
കര്‍ണാടകത്തില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചത് 246 പേരാണ്. 15,242 കേസുകള്‍ ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇനി ഗുരുതര ലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രം ആശുപത്രിയില്‍ ചികിത്സ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് നിലവില്‍ കര്‍ണാടക സര്‍ക്കാര്‍.
Also Read:- കർണാടകത്തില്‍ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയില്‍ തള്ളി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam