തിരക്കുള്ള സമയങ്ങളില്‍ പോക്കറ്റ് കാലിയാകും! ഊബര്‍-ഓല നിരക്ക് പരിഷ്‌കരിച്ച് കേന്ദ്രം, യാത്രക്കാര്‍ക്ക് തിരിച്ചടി

Published : Jul 02, 2025, 07:25 PM IST
Ola Uber Rapido Bike Taxi

Synopsis

ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ബൈക്ക് ടാക്‌സികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ തരം വാഹനങ്ങളുടെ അടിസ്ഥാന നിരക്ക് നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്.

ബര്‍, ഓല, റാപ്പിഡോ, ഇന്‍ഡ്രൈവ് തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക്് തിരക്കേറിയ സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ ഇരട്ടി വരെ ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ ഇത് 1.5 ഇരട്ടിയായിരുന്നു. ഇത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഈ മാറ്റം. തിരക്കില്ലാത്ത സമയങ്ങളില്‍ അടിസ്ഥാന നിരക്കിന്റെ 50% എങ്കിലും ഈടാക്കണം എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഉയര്‍ന്ന ഡിമാന്‍ഡുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്ക് ഉറപ്പാക്കുകയും, ഓണ്‍ലൈന്‍ ടാക്‌സികള്‍ അമിതമായ കിഴിവുകള്‍ നല്‍കുന്നത് തടയുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തിനകം ഈ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കണമെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ബൈക്ക് ടാക്‌സികള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ തരം വാഹനങ്ങളുടെ അടിസ്ഥാന നിരക്ക് നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. ഏതെങ്കിലും സംസ്ഥാനം ഇതുവരെ അടിസ്ഥാന നിരക്ക് നിശ്ചയിച്ചിട്ടില്ലെങ്കില്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍ അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. ഉദാഹരണത്തിന്, ഡല്‍ഹിയിലും മുംബൈയിലും ടാക്‌സികള്‍ക്ക് കിലോമീറ്ററിന് ഏകദേശം 20-21 രൂപയാണ് അടിസ്ഥാന നിരക്ക്, പൂനെയില്‍ ഇത് 18 രൂപയാണ്.

യാത്ര റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട്, ഡ്രൈവര്‍മാര്‍ക്ക് 100 രൂപ വരെ പിഴ ചുമത്തും. അംഗീകരിച്ച യാത്രകള്‍ വ്യക്തമായ കാരണങ്ങളില്ലാതെ റദ്ദാക്കിയാല്‍ ഡ്രൈവര്‍മാരില്‍ നിന്ന് ഈ പിഴ ഈടാക്കും. യാത്രക്കാര്‍ ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയാലും സമാനമായ പിഴ ബാധകമാകും.

പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്,ഓണ്‍ലൈന്‍ ടാക്‌സികളിലെ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓരോ ഡ്രൈവര്‍ക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ടേം ഇന്‍ഷുറന്‍സ് പോളിസിയും നിര്‍ബന്ധമാണ്. യാത്രക്കാരനെ എടുക്കാന്‍ ഡ്രൈവര്‍ വരുന്ന ദൂരം മൂന്ന് കിലോമീറ്ററില്‍ കുറവാണെങ്കില്‍ അതിന് അധിക ചാര്‍ജ് ഈടാക്കില്ല. അത്തരം സാഹചര്യങ്ങളില്‍, യാത്ര ആരംഭിക്കുന്ന സ്ഥലത്ത് നിന്ന് നിരക്ക് ഈടാക്കാം.

യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, ഓണ്‍ലൈന്‍ ടാക്‌സികള്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ആന്‍ഡ് ട്രാക്കിംഗ് ഡിവൈസുകള്‍ (VLTDs) സ്ഥാപിക്കുകയും അത് സംസ്ഥാനത്തിന്റെ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുമായി ബന്ധിപ്പിക്കുകയും വേണം.സേവന നിലവാരം നിലനിര്‍ത്തുന്നതിനായി, എല്ലാ ഡ്രൈവര്‍മാര്‍ക്കും വാര്‍ഷിക റിഫ്രഷര്‍ പരിശീലനം നല്‍കാന്‍ ടാക്‌സി കമ്പനികള്‍ ബാധ്യസ്ഥരാണ്. 5 ശതമാനത്തില്‍ താഴെ റേറ്റിംഗ് ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ത്രൈമാസ റീഫ്രഷര്‍ കോഴ്‌സുകള്‍ നിര്‍ബന്ധമാണ്. ഇത് പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

PREV
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്