ദില്ലിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ; കലിതാര മണ്ഡൽ ഇത്തവണയും വോട്ട് ചെയ്യാനെത്തി

Web Desk   | Asianet News
Published : Feb 09, 2020, 10:54 AM ISTUpdated : Feb 09, 2020, 10:58 AM IST
ദില്ലിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ; കലിതാര മണ്ഡൽ ഇത്തവണയും വോട്ട് ചെയ്യാനെത്തി

Synopsis

കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കലിതാര മണ്ഡൽ തന്റെ വോട്ടവകാശം രേഖപ്പെടുത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് പെട്ടികൾ ഉപയോ​ഗിച്ച കാലത്തെക്കുറിച്ച് പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കലിതാര പറയുകയുണ്ടായി.

ദില്ലി: ദില്ലിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ കലിതാര മണ്ഡൽ ഇത്തവണയും തന്റെ വോട്ടവകാശം വിനിയോ​ഗിക്കാനെത്തി. 111വയസ്സാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ കലിതാര മണ്ഡലിന്റെ പ്രായം. അവിഭക്ത ഇന്ത്യയില്‍ ജനിച്ച മണ്ഡല്‍, രാജ്യം അതിന്റെ ചരിത്രപരമായ നിമിഷങ്ങളിലൂടെ കടന്നുപോയത് കണ്ട സ്ത്രീയാണ്. രണ്ട് വിഭജനങ്ങള്‍ മണ്ഡല്‍ കണ്ടു, രണ്ടുതവണ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി ജീവിച്ചു. പിന്നീടാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്.

ബംഗാള്‍ വിഭജനത്തിന് മൂന്നുവര്‍ഷത്തിന് ശേഷം ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായ ബരിസലിലാണ് മണ്ഡല്‍ ജനിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കലിതാര മണ്ഡൽ തന്റെ വോട്ടവകാശം രേഖപ്പെടുത്തിയിരുന്നു. വോട്ട് രേഖപ്പെടുത്താൻ ബാലറ്റ് പെട്ടികൾ ഉപയോ​ഗിച്ച കാലത്തെക്കുറിച്ച് പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കലിതാര പറയുകയുണ്ടായി.

സൗത്ത് ദില്ലിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രൈമറി സ്‌കൂളിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ചിത്തരഞ്ജന്‍ പാര്‍ക്കിലുള്ള വീട്ടില്‍ നിന്നും വോട്ട് ചെയ്യാന്‍ എത്താന്‍ അധികൃതര്‍ വാഹന സൗകര്യവും പോളിങ് ബൂത്തില്‍ വീല്‍ചെയറും ഒരുക്കിയിരുന്നു.1971ലെ യുദ്ധത്തെ തുടര്‍ന്ന് ബംഗ്ലാദേശിലും ബംഗാളിലും നിന്നും എത്തിയവരാണ് ഇപ്പോഴും ചിത്തരഞ്ജന്‍ പാര്‍ക്കില്‍ താമസിക്കുന്നത്. നാല് തലമുറയ്ക്കൊപ്പമാണ് കലിതാര എന്ന മുതുമുത്തശ്ശി ഇപ്പോൾ താമസിക്കുന്നത്. ഏഴ്മാസം പ്രായമുള്ള ജിയാൻഷ് ആണ് ഈ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആൾ. 

''ഒരു വോട്ടർ എന്ന നിലയിൽ വളരെയധികം ഇച്ഛാശക്തിയോടെയാണ് അമ്മ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിലും പോളിം​ഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത്തവണയും വോട്ട് ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.'' കലിതാരയുടെ മകൻ സുഖ് രഞ്ജൻ പറഞ്ഞു. മണ്ഡലിന് വേണ്ടി തപാല്‍ വോട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കുടുംബം അപേക്ഷ നല്‍കിയിരുന്നു. പക്ഷേ സമയം കഴിഞ്ഞതിനാല്‍ അനുവദിക്കാന്‍ സാധിച്ചില്ല. പിന്നീട് അധികൃതര്‍ വാഹന സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു.

വോട്ട് ചെയ്യാൻ മടി കാണിക്കുന്നവരോട് മണ്ഡലിന് ഒറ്റക്കാര്യമേ പറയാനുള്ളൂ. '' എല്ലാവരും വോട്ട് ചെയ്യണം. കാരണം ജനങ്ങളിലൂടെയാണ് ജനാധിപത്യം അഭിവൃദ്ധിപ്പെടുന്നത്. ഓരോ വോട്ട് എണ്ണുമ്പോഴും ജനങ്ങളുടെ പങ്കാളിത്തമാണ് പ്രതിഫലിക്കുന്നത്.'' കലിതാര മണ്ഡൽ പറഞ്ഞു. ഫെബ്രുവരി 11 നാണ് ദില്ലി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല
​ഗായകൻ സുബീൻ ​ഗാർ​ഗിന്റെ മരണം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം