Asianet News MalayalamAsianet News Malayalam

മത്സ്യബന്ധന വലയില്‍ കുടുങ്ങിയ ഒലിവ് റിഡ്‍ലി ഇനത്തില്‍പ്പെട്ട കടലാമയെ വല മുറിച്ച് രക്ഷപ്പെടുത്തി; വീഡിയോ

കഴിഞ്ഞ 26 -ാം തിയതി രാത്രി തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ഉള്‍ക്കടില്‍ വച്ചായിരുന്നു സംഭവം. 

Olive Ridley sea turtle rescued
Author
First Published Oct 29, 2022, 12:35 PM IST


തിരുവനന്തപുരം: ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ അപൂര്‍വ്വ ഇനം കടലാമയെ രക്ഷപ്പെട്ടുത്തി. കഴിഞ്ഞ 26 -ാം തിയതി രാത്രി തിരുവനന്തപുരം ജില്ലയിലെ പൂന്തുറയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ഉള്‍ക്കടില്‍ വച്ചായിരുന്നു സംഭവം. പൂന്തുറ സ്വദേശി സീബിളിന്‍റെ ഉടമസ്ഥതയിൽ ഉള്ള മത്സ്യബന്ധന ബോട്ടിന്‍റെ വലയിലാണ് കടലാമ കുടുങ്ങിയത്. 

മത്സ്യത്തൊഴിലാളിയായ ജോയ്സണ്‍, ഗില്‍ നെറ്റ് മുറിച്ച് കടലാമയെ രക്ഷപ്പെടുത്തി കടലിലേക്ക് തന്നെ തിരിച്ചയച്ചു. ആഴക്കടലില്‍ വച്ച് വലയില്‍ കുടുങ്ങിയ കടലാമയെ രക്ഷപ്പെടുത്തുന്ന വീഡിയോ മത്സ്യത്തൊഴിലാളികള്‍ ചിത്രീകരിച്ചിരുന്നു. കേരളതീരത്തിൽ കാണപ്പെടുന്ന എന്നാൽ, വംശ നാശ ഭീഷിണി നേരിടുന്ന ഒലിവ് റിഡ്‍ലി (Olive Ridley sea turtle) വിഭാഗത്തിൽപ്പെടുന്ന കടലമായാണ് ഇതെന്ന് ഡബ്ള്യുടിഐ മറൈൻ ഹെഡ് സാജൻ ജോൺ പറഞ്ഞു. 

ഒക്ടോബര്‍ -മാർച്ച് മാസങ്ങൾ കടലാമകളുടെ പ്രജനന കാലമാണെന്നും പ്രത്യേകിച്ചും ഇക്കാലങ്ങളില്‍ വലയില്‍ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കേണ്ടത് അവയുടെ വംശ വർദ്ധനയ്ക്ക് സഹായിക്കുമെന്നും കേരള യൂണിവേഴ്സിറ്റിയിലെ അക്വാബയോളജി ആന്‍റ് ഫിഷറീസ് തലവനായ പ്രോഫ. ബിജു കുമാര്‍ അഭിപ്രായപ്പെട്ടു. കടലാമകള്‍ ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നിലാണ് ഉൾപ്പെട്ടിട്ടുള്ളത്. 

പണ്ട് കാലങ്ങളില്‍ ഇത്തരത്തില്‍ വലയില്‍ കുടുങ്ങുന്ന കടലാമകളെ മത്സ്യത്തൊഴിലാളികള്‍ ഭക്ഷണമാക്കാറുണ്ട്. എന്നാല്‍, കേരള വനം വകുപ്പും, ഡബ്ല്യുടിഐയും ഒറാക്കിളും ചേര്‍ന്ന് നടത്തുന്ന തിമിംഗല സ്രാവ് സംരക്ഷണ ബോധവത്കരണ ശ്രമങ്ങള്‍ ഇത്തരത്തില്‍ സംരക്ഷിത വിഭാഗത്തിലുള്ള ജീവികളുടെ രക്ഷപെടുത്തലിന് കാരണമായെന്ന് സാമൂഹിക പ്രവർത്തകനും ബ്ലോഗറുമായ അജിത് ശംഖുമുഖം പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios