'കോണ്‍ഗ്രസ് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കും'; മുന്നറിയിപ്പുമായി ഒമര്‍ അബ്ദുല്ല

By Web TeamFirst Published Jul 20, 2020, 10:55 PM IST
Highlights

സച്ചിന്‍ പൈലറ്റിന്റെ നീക്കത്തിന് പിന്നില്‍ ഒമര്‍ അബ്ദുല്ലയുടെയും പിതാവ് ഫാറൂഖ് അബ്ദുല്ലയുടെയും ജയില്‍ മോചനവുമായി ബന്ധമുണ്ടെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആരോപിച്ചിരുന്നു.
 

ദില്ലി: രാജസ്ഥാനിലെ രാഷ്ട്രീയ വിവാദത്തില്‍ തനിക്കെതിരെ ആരോപണമുയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല. സച്ചിന്‍ പൈലറ്റിന്റെ നീക്കത്തിന് പിന്നില്‍ ഒമര്‍ അബ്ദുല്ലയുടെയും പിതാവ് ഫാറൂഖ് അബ്ദുല്ലയുടെയും ജയില്‍ മോചനവുമായി ബന്ധമുണ്ടെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആരോപിച്ചിരുന്നു.

ഇത്തരം ആരോപണങ്ങളില്‍ താന്‍ തളര്‍ന്നെന്നും സച്ചിന്‍ പൈലറ്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെങ്ങനെയാണ് തന്റെയും പിതാവിന്റെയും ജയില്‍ മോചനവുമായി ബന്ധപ്പെടുകയെന്നും ഒമര്‍ ട്വീറ്റ് ചെയ്തു. ഭൂപേഷ് ബാഗല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആരോപിക്കുകയല്ല, ചില ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച് ബാഗല്‍ രംഗത്തെത്തി. എന്നാല്‍ ബാഗല്‍ തന്റെ അഭിഭാഷകരോട് വിശദീകരിച്ചാല്‍ മതിയെന്ന് ഒമര്‍ മറുപടി നല്‍കി. 

കശ്മീരിലെ എന്‍സി നേതാവായ ഒമര്‍ അബ്ദുല്ലയുടെ സഹോദരി സാറയാണ് സച്ചിന്‍ പൈലറ്റിന്റെ ഭാര്യ. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭൂപേഷ് ബാഗലിന്റെ ആരോപണം. കശ്മീരിലെ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരെ ഒരേ വകുപ്പുകള്‍ ചുമത്തിയാണ് തടവിലാക്കിയത്. എന്നാല്‍, മെഹബൂബ മുഫ്തി ഇപ്പോഴും ജയിലിലാണ്. ഒമറിന്റെ സഹോദരി സച്ചിന്‍ പൈലറ്റിന്റെ ഭാര്യയായതിനാലാണ് ഇവരുടെ മോചനം സാധ്യമായതെന്നായിരുന്നു ബാഗലിന്റെ ആരോപണം.
 

click me!