Omicron : ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് 16000 പേർ ഇന്ത്യയിലെത്തി; 18 പേർ കൊവിഡ് പോസിറ്റീവ്

By Web TeamFirst Published Dec 3, 2021, 5:31 PM IST
Highlights

ഇന്ത്യയിലും കൊവിഡ് വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു

ദില്ലി: ഒമിക്രോൺ ഭീഷണിയുള്ള (Omicron) രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ (Union Health Minister) ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ഭീഷണിയെ നേരിടാൻ രാജ്യം സജ്ജമാണ്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒന്നിച്ച് നിന്ന് ഒമിക്രോണിനെ നേരിടും. കൊവിഡ് രണ്ടാം തരംഗം നൽകിയ പാഠം ഒമിക്രോൺ വെല്ലുവിളിയെ നേരിടാൻ സഹായിക്കുമെന്നും മൻസുഖ് മാണ്ഡവ്യ (Mansukh Mandaviya) വിവരിച്ചു.

ശാസ്ത്രലോകത്തിനെ പ്രധാനമന്ത്രിക്ക് (Prime Minister) വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രിമാരോട് (Chief Minister) നിരന്തരം വിവരങ്ങൾ ആരായുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. പൊസിറ്റീവ് കേസുമായി സമ്പർക്കത്തിൽ വന്നവരെ 72 മണിക്കൂറിനുള്ളിൽ പരിശോധിക്കണമെന്നാണ് നി‍ർദ്ദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് രാജ്യത്ത് ഒമിക്രോണ് സ്ഥിരീകരിച്ചെന്നും സംസ്ഥാനങ്ങള്‍ക്ക് അതിന് മുൻപേ മാർഗനിർദേശങ്ങൾ നൽകിയെന്നും മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു.

രാജ്യത്ത് 3.46 കോടി പേർക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നും ഇതിൽ 4.6 ലക്ഷം പേർ മരിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയെ അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കണക്കാണിതെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ഭീഷണി ഉള്ളയുള്ള സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കടക്കം കർശന പരിശോധന നടത്തുന്നുണ്ട്. കൊവിഡ് പോസിറ്റീവ് കേസുകൾ ജനിതക ശ്രേണീകരണത്തിനയക്കുന്നുണ്ടെന്നും രാജ്യത്ത് കർശന നിരീക്ഷണം തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലും കൊവിഡ് വാക്സീന്‍റെ ബൂസ്റ്റര്‍ ഡോസ് (booster dose) നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നായും കേന്ദ്ര ആരോഗ്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കർണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസ‍ർക്കാരിന് മുന്നിൽ വച്ചിരുന്നു.

ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസിന് ആലോചന; വിദഗ്ധ സമിതി തീരുമാനമെടുക്കും

ഒമിക്രോൺ ഭീഷണിയുടെ (Omicron threat) പശ്ചാത്തലത്തില്‍ കൊവിഷീൽഡ് വാക്സീനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി ഇന്നലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡിസിജിഐയെ സമീപിച്ചിരുന്നു. നിലവിൽ വാക്സീൻ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ആസ്ട്രാ സെനേക്കാ വാക്സീനെ യു.കെ ബൂസ്റ്റർഡോസായി അംഗീകരിച്ച സാഹചര്യവും നിലവിലുണ്ട്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലും ബൂസ്റ്റ‍ർ ഡോസ് ആലോചനകൾ ശക്തമായത്.

അതേസമയം ഒമിക്രോൺ ഭീഷണിയിൽ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ ആവര്‍ത്തിച്ചെങ്കിലും രണ്ടാം തരംഗത്തില്‍  നേരിട്ട ഓക്സിജന്‍ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച്ച ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഓക്സിജന്‍ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി തിരിച്ചടിച്ചത്. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങള്‍ തേടിയതില്‍ പഞ്ചാബ് മാത്രമാണ് നാല് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക്സഭയെ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യുകെയിൽ നിന്ന് വന്നയാൾ നിരീക്ഷണത്തിൽ

click me!