ബെംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ച ഡോക്ടര്‍ (doctor) വിദേശ യാത്ര നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് എങ്ങനെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു എന്നതില്‍ ആശങ്കയുണ്ട്. ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായ അഞ്ച് പേരുടെ പരിശോധന ഫലം കൊവിഡ് പോസിറ്റീവായി(Covid positive) . ഇവരുടെ സാമ്പിള്‍ ജനിതക പരിശോധനക്കായി അയച്ചു. ഡോക്ടര്‍ക്ക് നവംബര്‍ 21ന് പനിയും ശരീര വേദനയുമാണ് ലക്ഷണങ്ങളായി കണ്ടത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സാമ്പിള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചുകൊടുക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്ന് ദിവസത്തിനകം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്ക് മടങ്ങി. ഡോക്ടര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്നു. ഇയാള്‍ക്ക് 13 പേരുമായി നേരിട്ടും 250 പേരുമായി നേരിട്ടല്ലാതെയും സമ്പര്‍ക്കമുണ്ടായി.
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കക്കാരന്‍ ഇന്ത്യ വിട്ടു. 66കാരനായ ഇയാള്‍ ദുബൈയിലേക്കാണ് പോയത്. കൊവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. എന്നാല്‍ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി. നവംബര്‍ 20നാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവായി. ഒരാഴ്ച ഹോട്ടലില്‍ ക്വാറന്റൈനിലിരുന്നതിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവായി. സ്വകാര്യ ലാബിലാണ് ഇയാള്‍ പരിശോധന നടത്തിയത്. നെഗറ്റീവായതിന് പിന്നാലെ നവംബര്‍ 27ന് രാത്രി ഇയാള്‍ ദുബൈയിലേക്ക് പോയി. ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലായതിനാല്‍ നവംബര്‍ 22ന് ഇയാളുടെ സാമ്പിള്‍ വീണ്ടും പരിശോധനക്കയച്ചു. എന്നാല്‍ ഫലം വരും മുമ്പേ ഇയാള്‍ രാജ്യം വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam