
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 40 പേർ രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഒമിക്രോൺ വ്യാപനത്തിൽ റിപ്പോർട്ട് തേടി.
വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകളും, ആൾക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു. ബൂസ്റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല. നിലവിൽ രണ്ട് ഡോസ് വാക്സിൻ എല്ലാവർക്കും നൽകുന്നതിനാണ് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.
ബ്രിട്ടനിൽ ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ റെക്കോഡ‍് വർധനയാണ് ഉണ്ടായത്. ഇന്നലെ 93045 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ റെക്കോർഡ് വർധനയുണ്ടാകുന്നത്. യുകെയിൽ 111 പേർ കൂടി മരിച്ചതോടെ ആകെ മരണം 147,000 മായി.
ഇതിനിടെ ബൂസ്റ്റർ ഡോസിന് ഒമിക്രോണിൽ നിന്ന് 85 ശതമാനം സംരക്ഷണം നൽകാനേ സാധിക്കൂവെന്ന വിലയിരുത്തലുമായി ബ്രിട്ടനിലെ ഗവേഷകർ രംഗത്തെത്തി. സാധാരണ കൊവിഡ് വാക്സീനുകളുടെ പ്രതിരോധ ശേഷിയേക്കാൾ കുറവാണിത്. എന്നാൽ ബൂസ്റ്റർ വാക്സീൻ, ഗുരുതര രോഗികളുടെ എണ്ണം കുറയ്ക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഒമിക്രോണിനെ നിയന്ത്രിക്കാനുള്ള ബൂസ്റ്റർ വാക്സീൻ യഞ്ജം യുകെയിൽ അതിവേഗം പുരോഗമിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam