പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം, ഡോവലിന്‍റെ മേല്‍നോട്ടം; 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യ വിജയമാക്കിയതിങ്ങനെ

Published : May 07, 2025, 11:10 AM ISTUpdated : May 07, 2025, 02:51 PM IST
പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം, ഡോവലിന്‍റെ മേല്‍നോട്ടം; 'ഓപ്പറേഷന്‍ സിന്ദൂര്‍' ഇന്ത്യ വിജയമാക്കിയതിങ്ങനെ

Synopsis

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു, ഇതിന് പാക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആദ്യ മറുപടി നല്‍കി ഇന്ത്യ

ദില്ലി: എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശം നല്‍കി, അണിവിട തെറ്റാതെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ കൃത്യമായി ഏകോപനം ചെയ്തു. 26 മനുഷ്യജീവനുകള്‍ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ കനത്ത മിസൈല്‍ ആക്രമണത്തില്‍ നിരവധി പാക് ഭീകരർ കൊല്ലപ്പെട്ടു. 

പാക് ചാരന്‍മാരുടെയെല്ലാം കണ്ണും കാതും മൂടിക്കെട്ടി അതീവ രഹസ്യമായായിരുന്നു പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കാനുള്ള ഇന്ത്യന്‍ നീക്കം. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് 15-ാം ദിനം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പ്രതികാരം ചെയ്തു. മൂന്ന് സൈനിക മേധാവികളും കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയെ കണ്ടതോടെ ഇനി ഇന്ത്യയുടെ നീക്കമെന്ത് എന്ന സൂചന പുറത്തുവന്നിരുന്നു. ഒടുവില്‍ ഇന്ന് പുലര്‍ച്ചെ 1.44ന് അത് സംഭവിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യന്‍ സേന പാകിസ്ഥാനെ വിറപ്പിച്ചു. ബഹല്‍വല്‍പൂര്‍, സിയാല്‍ക്കോട്ട്, മുരിഡ്‌കെ, കോട്‌ലി എന്നിവിടങ്ങളിലെ പാക് ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്‌ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ വ്യോമാക്രമണം. ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്പോണ്‍സര്‍മാരായി കുപ്രസിദ്ധി നേടിയവയാണ് ഈ മൂന്ന് സംഘടനകളും. മുംബൈ ഭീകരാക്രമണത്തിലടക്കം പാക് ഭീകരസംഘടനകളുടെ നേരിട്ടുള്ള പങ്ക് ലോകമറിഞ്ഞതുമാണ്. 

പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്‍റെയും നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ കരസേനയും വായുസേനയും നാവികസേനയും സംയുക്തമായാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയത്. 9 ഇടങ്ങളിലെയും വ്യോമാക്രമണം പൂര്‍ണ വിജയമാണെന്ന് ഇന്ത്യന്‍ സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍. 'നീതി നടപ്പാക്കി'യെന്നാണ് പാകിസ്ഥാന് നല്‍കിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ കരസേനയുടെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജാനാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം