
ചെന്നൈ: ദീപാവലി ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടങ്ങളിൽ തമിഴ്‌നാട്ടിൽ ഒരു കുട്ടി മരിച്ചു. സംസ്ഥാനത്തുടനീളം 269 പേർക്ക് പൊള്ളലേറ്റ് ചികിത്സ തേടേണ്ടി വന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ 7 രാവിലെ 7 മണി മുതൽ നവംബർ 8 രാവിലെ 7 മണിവരെയുള്ള 24 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ '108' അടിയന്തര ആംബുലൻസ് ശൃംഖലയിലേക്ക് വൻ കോളുകളുടെ പ്രവാഹമായിരുന്നു. 24 മണിക്കൂറിനുള്ളിൽ 16,079 അടിയന്തര കോളുകളാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചുള്ള പൊള്ളലേറ്റ അപകടങ്ങളെക്കുറിച്ച് മാത്രം നൂറോളം കോളുകൾ അടിയന്തര സേവനത്തിന് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടങ്ങളെ തുടർന്ന് തഞ്ചാവൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരിയാർ നഗർ ഗവൺമെന്റ് ആശുപത്രിയിൽ 64 പേരെ കിടത്തിച്ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. തൂത്തുക്കുടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 പേരെ കിടത്തിച്ചികിത്സക്ക് പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ 46 പേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ആഘോഷ വേളയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സംസ്ഥാനത്തുടനീളം 1,283 ആംബുലൻസുകളാണ് സജ്ജമാക്കിയിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam