ശാന്തമാകാതെ അതിര്‍ത്തി: ഹന്ദ്‍വാരയിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് കൂടി വീരമൃത്യു

By Web TeamFirst Published Mar 3, 2019, 10:58 AM IST
Highlights

ഹന്ദ്‍വാരയിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ ഒരു സൈനികൻ മരിച്ചു. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശനിയാഴ്ചയാണ് സൈനികന് വെടിയേറ്റത്. 

ഹന്ദ്‍വാര: ജമ്മു കശ്മീരിലെ ഹന്ദ്‍വാരയിൽ മൂന്നാം ദിവസവും ഏറ്റുമുട്ടൽ തുടരുന്നു. ഇന്നലെയുണ്ടായ വെടിവയ്പ്പിൽ പരിക്കേറ്റ ഒരു സൈനികൻ മരിച്ചു. സിആർപിഎഫ് ജവാനാണ് മരിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ശനിയാഴ്ചയാണ് സൈനികന് വെടിയേറ്റത്. 

പ്രദേശത്ത് തുടർച്ചയായ മൂന്നാം ദിവസമാണ്​ സൈന്യം ഭീകരര്‍ക്കായി തെരച്ചിൽ നടത്തുന്നത്​. എന്നാൽ, സൈന്യത്തിന്‍റെ ആക്രമണത്തിൽ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്നത്​ വ്യക്​തമല്ല. കെട്ടിടങ്ങളിൽ ഒളിച്ചിരിക്കുന്ന ഭീകരരുടെ വിവരങ്ങളും ലഭ്യമല്ല. രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​. ജനവാസ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണം തുടരുന്ന സഹാചര്യത്തില്‍ ജനങ്ങള്‍ ഒഴിഞ്ഞ് പോവുകയാണമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. 

ഹന്ദ്‍വാരയില്‍  ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പത്ത് സുരക്ഷാ സേനാ ഉദ്യോഗസ്ഥർക്കും പത്ത് നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവര്‍ പ്രദേശത്തെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

നിയന്ത്രണരേഖയിൽ ചില കേന്ദ്രങ്ങളിൽ ഇപ്പോഴും ഷെല്ലാക്രമണവും രൂക്ഷമാണ്. ഇന്നലെ വൈകീട്ടോടെ രജൗരി ജില്ലയിലെ നൗഷേരയില്‍ പാക് സൈന്യം ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജമ്മു കശ്‌മീരിൽ ഷോപിയാനിലെ സൈനിക ക്യാമ്പിന് സമീപത്തും ലഷ്‌കർ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. ഷോപിയാനിലെ നാഗീശൻ ക്യാമ്പിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍. സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനികർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
 

click me!