
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യയടക്കമുള്ള എംപിമാരോട് വിശദീകരണം തേടാന്‍ ബിജെപി. മൂന്ന് ലൈന്‍ വിപ്പ് നല്‍കിയിട്ടും 20 എംപിമാര്‍ സഭയിലുണ്ടാകാതിരുന്നത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. എല്ലാ മാസവും തെരഞ്ഞെടുപ്പ് നടത്തേണ്ട ദുരിതം ഇല്ലാതാകുമെന്ന് ബില്ലിനെ ന്യായീകരിച്ചെങ്കിലും സഭയിലെ അസാന്നിധ്യത്തിന്‍റെ കാരണം ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയില്ല.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലവതരണത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് വോട്ട് ചെയ്യണം. മൂന്ന് വരി വിപ്പിലൂടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും കേന്ദ്രമന്ത്രിമാരടക്കം 20 എംപിമാര്‍ വോട്ടെടുപ്പ് വേളയില്‍ ലോക്സഭയിലുണ്ടായിരുന്നില്ല. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിംഗ്, സി ആര്‍ പാട്ടീല്‍, മുന്‍മന്ത്രി ശന്തനു താക്കൂര്‍, വഖഫ് ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍ അങ്ങനെ നീളുന്നു ഹാജരാകാതിരുന്നവരുടെ പട്ടിക. പാര്‍ട്ടിയോട് മുന്‍കൂർ അനുമതി തേടിയിരുന്നോയെന്ന് വ്യക്തമല്ല. പക്ഷേ പേരുകള്‍ പുറത്ത് വന്നിട്ടും ആരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയെ പുകഴ്ത്തി ഗംഭീര ബില്ലാണെന്ന് പ്രതികരിച്ച സിന്ധ്യയും ലോക് സഭയിലെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചില്ല.
ബില്ലവതരണ വോട്ടിംഗ് വേളയില്‍ പ്രധാനമന്ത്രിയും സഭയിലുണ്ടായിരുന്നില്ല. മോദിയുടെ അസാന്നിധ്യത്തെ കുറിച്ച് വിശദീകരണമൊന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭ്യമായിട്ടില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഭയിലുണ്ടായിരുന്നു. സോണിയ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് പി പി മാധവന്‍റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായി രാഹുല്‍ കേരളത്തിലായിരുന്നു. എന്തായാലും മൂന്നാം മോദി സര്‍ക്കാരിന്‍റെ കാലത്തെ ആദ്യവോട്ടെടുപ്പിൽ നിന്ന് പ്രമുഖരടക്കം വിട്ടു നിന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ബില്ല് അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും, പാസാക്കാനായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്‍ഡിഎക്കില്ലെന്ന് വോട്ടടെുപ്പിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.
എന്‍സിപിയിലെ മന്ത്രിമാറ്റ ചർച്ചകളിൽ അനിശ്ചിതത്വം; തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കണ്ടേക്കും
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam