
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് പരിഷ്കാരം പഠിക്കാനുള്ള ഉന്നതതല സമിതിയിൽ രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജ്ജുൻ ഖർഗെയെ ഒഴിവാക്കിയതിനെതിരെ കെസി വേണുഗോപാൽ. താഴേത്തട്ടിൽ നിന്ന് പാർട്ടിയുടെ ഉന്നത തലത്തിൽ എത്തിയ ഖർഗെയുടെ അയോഗ്യത എന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഉന്നതതല സമിതി തട്ടിപ്പാണെന്നും അദാനി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അധ്യക്ഷനാക്കി ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന വിഷയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് കെസി വേണുഗോപാലിന്റെ വിമർശനം.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് എന്നിവ ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ഉന്നതാധികാര സമിതി അതിവേഗം യോഗം ചേർന്ന് പരിഷ്കാരവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയുടെ എല്ലാ ചെലവുകളും നിയമ മന്ത്രാലയം വഹിക്കും. സമിതിയുടെ ഓഫീസ് അടക്കമുള്ള കാര്യങ്ങളും നിയമ മന്ത്രാലയം ഒരുക്കും.
Read More: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: പരിഷ്‌കരണം പഠിക്കാൻ 8 അംഗ സമിതി, രാം നാഥ് കോവിന്ദ് അധ്യക്ഷൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് 2014 ലെ ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ബിജെപി ഇത് നേരത്തെ ഉൾക്കൊള്ളിച്ചിരുന്നു. ഇതിന്റെ തു മുൻ രാഷ്ട്രപതിയെ അധ്യക്ഷനാക്കിയുള്ള സമിതിയെ രൂപീകരിച്ചത്.