
മുംബൈ: റെയിൽവെ ട്രാക്കിൽ 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് എടുത്തുവെച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. നാല് ദിവസം മുമ്പ് മുംബൈയിലെ ഖാർ - സാന്താക്രൂസ് റെയിൽവെ സ്റ്റേഷനുകൾക്കിടയിലായിരുന്നു സംഭവം. രാത്രി 8.35ഓടെ ഈ ഇരുമ്പ് ദണ്ഡിൽ ഒരു ലോക്കൽ ട്രെയിൻ ഇടിച്ചുകയറുകയും ചെയ്തു.
ട്രെയിൻ ഇരുമ്പ് ദണ്ഡിൽ കയറിയതിന് പിന്നാലെ എഞ്ചിൻ നിർത്തിയ ലോക്കോ പൈലറ്റ് വിവരം സ്റ്റേഷൻ മാസ്റ്ററെയും റെയിൽവെ സംരക്ഷണ സേനയെയും അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി ഇരുമ്പ് ദണ്ഡ് എടുത്തുകൊണ്ടു പോവുകയായിരുന്നു. ഇതിന് പിന്നാലെ ആർപിഎഫ് അന്വേഷണം തുടങ്ങുകയും ചെയ്തു.
ഈ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് ബാന്ദ്ര റെയിൽവെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തത്. ഖാർ സ്വദേശിയായ 20കാരനാണ് പിടിയിലായത്. ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാൾ ഇരുമ്പ് ദണ്ഡ് മോഷ്ടിച്ച് വിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് ട്രാക്കിൽ വെച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഒരു ആക്രക്കടയിൽ നിന്നെടുത്ത ഇരുമ്പ് ദണ്ഡ് ഇയാൾ പിന്നീട് ട്രാക്കിൽ ഉപേക്ഷിച്ച് പോയി എന്നും പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്ന് പൊലീസ് അറിയിച്ചു. വേഗത കുറച്ച് വരികയായിരുന്ന ട്രെയിൻ ഇരുമ്പ് ദണ്ഡിലേക്ക് ഇടിച്ചു കയറി. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി ഇത് എടുത്ത് മാറ്റുകയും പിന്നീട് അധികൃതരെ വിവരമറിയിച്ച ശേഷം യാത്ര തുടരുകയുമായിരുന്നു.
പിന്നീട് സ്റ്റേഷൻ മാസ്റ്ററും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രാക്കിൽ ഇരുമ്പ് ദണ്ഡ് സമാന്തരമായാണ് ഇട്ടിരുന്നത്. 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡിന് ഒരു ഇഞ്ച് വ്യാസമുണ്ടായിരുന്നു. സംശയകരമായ മറ്റൊന്നും ആ പ്രദേശത്ത് അപ്പോൾ കണ്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam