ഹെയർ ഡ്രയ‍ര്‍ പൊട്ടിത്തെറിയിൽ സിനിമയെ വെല്ലും ട്വിസ്റ്റ്, ഉന്നമിട്ടത് കാമുകിയുടെ കൂട്ടുകാരിയെ, ഇരയായത് കാമുകി

Published : Nov 25, 2024, 02:01 PM ISTUpdated : Nov 25, 2024, 02:18 PM IST
ഹെയർ ഡ്രയ‍ര്‍ പൊട്ടിത്തെറിയിൽ സിനിമയെ വെല്ലും ട്വിസ്റ്റ്, ഉന്നമിട്ടത് കാമുകിയുടെ കൂട്ടുകാരിയെ, ഇരയായത് കാമുകി

Synopsis

പ്രണയം എതിർത്ത കാമുകിയുടെ കൂട്ടുകാരിയെ ഉന്നമിട്ട് അയച്ച ഹെയർ ഡ്രയർ പൊട്ടിത്തെറിയിൽ പക്ഷേ സ്വന്തം കാമുകി തന്നെയാണ് ഇരയായത്. 

ബെംഗ്ലൂരു : കർണാടകയിലെ ബാഗൽകോട്ടിൽ ഒരു ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. പാഴ്സലായി ഹെയർ ഡ്രയറിന്‍റെ രൂപത്തിൽ അയച്ചത് ചെറുബോംബായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രണയം എതിർത്ത കാമുകിയുടെ കൂട്ടുകാരിയെ ഉന്നമിട്ട് അയച്ച ഹെയർ ഡ്രയർ പൊട്ടിത്തെറിയിൽ പക്ഷേ സ്വന്തം കാമുകി തന്നെയാണ് ഇരയായത്.

സംഭവം ഇങ്ങനെ...

ഈ മാസം 15-ന് ബാഗൽകോട്ടിലെ ഇൽക്കലിൽ ശശികല എന്ന സ്ത്രീയ്ക്ക് ഒരു കൊറിയർ വരുന്നു. സ്ഥലത്തില്ലാതിരുന്ന ശശികല തന്‍റെ കൂട്ടുകാരിയും അയൽക്കാരിയുമായ ബസവരാജേശ്വരിയോട് ആ കൊറിയർ വാങ്ങി അതിലെന്താണെന്ന് നോക്കാൻ പറയുന്നു. പാഴ്സൽ തുറന്ന് നോക്കി അതിലുള്ള ഹെയർ ഡ്രയർ ഓൺ ആക്കി നോക്കിയ ബസവരാജേശ്വരിയുടെ കയ്യിലിരുന്ന് ഈ വസ്തു പൊട്ടിത്തെറിക്കുന്നു. ഇവരുടെ കൈപ്പത്തി അറ്റു പോകുന്നു. ഇലക്ട്രിക് സർക്യൂട്ടോ മറ്റോ ആകാമെന്ന് കരുതിയാണ് സംഭവത്തിൽ ഇൽക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. 

വിശദമായി ഹെയർ ഡ്രയർ പരിശോധിച്ച പൊലീസിന് കണ്ടെത്താനായത് ചെറുബോംബുകൾ പൊട്ടിക്കാനുപയോഗിക്കുന്ന ഒരു ഡിറ്റണേറ്ററായിരുന്നു. ഇതോടെയാണ് കൊറിയർ അയച്ചയാളെ തെരഞ്ഞ് പൊലീസ് പുറപ്പെട്ടത്. കൊപ്പൽ കുർട്ടഗേരി സ്വദേശിയായ സിദ്ദപ്പ ശീലാവന്ത് എന്നയാളാണ് കൊറിയർ അയച്ചതെന്ന് വ്യക്തമായതോടെയാണ് പൊലീസിന് ഇതിലെ ട്വിസ്റ്റ് മനസ്സിലായത്. സിദ്ദപ്പയും പരിക്കേറ്റ ബസവരാജേശ്വരിയും പ്രണയത്തിലായിരുന്നു. ഭർത്താവ് മരിച്ച ബസവരാജേശ്വരി സിദ്ദപ്പയെ വിവാഹം കഴിക്കാനാഗ്രഹിച്ചിരുന്നു. ഇതറിഞ്ഞ സുഹൃത്തും അയൽക്കാരിയുമായ ശശികല ഇതിനെ എതിർത്തു. അതിന്‍റെ പക മൂലമാണ് സിദ്ദപ്പ ഹെയർ ഡ്രയറിൽ ബോംബും ഡിറ്റണേറ്ററും ഘടിപ്പിച്ച് ശശികലയ്ക്ക് അയച്ചത്. അവരെ കൊല്ലുക തന്നെയായിരുന്നു സിദ്ദപ്പയുടെ ലക്ഷ്യം. പക്ഷേ ഇരയായത് സ്വന്തം കാമുകി തന്നെയായെന്ന് മാത്രം. സിദ്ദപ്പയെ ഇൽക്കൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബസവരാജേശ്വരിയുടെ ഇരുകൈപ്പത്തികളും ശസ്ത്രക്രിയയിലൂടെ വച്ച് പിടിപ്പിക്കാൻ പോലും പറ്റാത്ത വിധം പൂർണമായി അറ്റ് പോയി. മുഖത്തും പൊള്ളലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ഇൽക്കൽ പൊലീസും അറിയിച്ചു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?