മുംബൈ ബാ‍ർജ് ദുരന്തം: മരണപ്പെട്ടവരിൽ വയനാട് സ്വദേശി ജോമിഷ് ജോസഫും

By Web TeamFirst Published May 20, 2021, 11:29 AM IST
Highlights

മൃതദേഹം ജോമിഷിൻ്റേതാണെന്ന് സ്ഥിരീകരിച്ചതായി പിതാവ് ജോസഫ് പറഞ്ഞു

മുംബൈ: മുംബൈ തീരത്ത് ഒഎൻജിസിയുടെ ബാർജ് തകർന്നുണ്ടായ അപകടത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വയനാട് കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം ആണ് മരിച്ചത്. ജോമിഷിൻ്റെ പള്ളിക്കുന്ന് എച്ചോത്ത് വീട്ടിലുള്ളവർക്ക് മരണവിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുണ്ട്. മൃതദേഹം ജോമിഷിൻ്റേതാണെന്ന് സ്ഥിരീകരിച്ചതായി പിതാവ് ജോസഫ് പറഞ്ഞു. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലട്രികൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്. 

മുംബൈ ഹൈയിൽ എണ്ണഖനനവുമായി ബന്ധപ്പെട്ടുള്ള ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഎൻജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് മൂന്ന് ബാ‍ർജുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു ബാ‍ർജ് പൂ‍ർണമായും മുങ്ങിപ്പോയി. ഈ ബാ‍ർജിലുള്ളവരാണ് മരിച്ചവരിലേറെയും. ഇന്ന് രാവിലെ വന്ന കണക്കനുസരിച്ച് 261 പേരുള്ള ബാ‍ർജ് മുങ്ങിയതിൽ 186 പേരെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. 37 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. 38 പേ‍ർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മുംബൈ തീരത്ത് നിന്നും 35 മൈൽ അകലെ വച്ചാണ് പി3-5 എന്ന ബാ‍ർജ് മുങ്ങി ദുരന്തമുണ്ടായത്. 

ശക്തമായ ചുഴലിക്കാറ്റിലും തിരമാലയിലും ഉൾക്കടലിലേക്ക് ഒലിച്ചു പോയ മറ്റു രണ്ട് ബാ‍ർജുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ് ഈ ബാ‍ർജുകൾ മുംബൈ തീരത്തേക്ക് ഇപ്പോൾ എത്തികൊണ്ടിരിക്കുന്നുവെന്നാണ് വിവരം. 

ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാ‍ർ, ഐഎൻഎസ് കൊച്ചി തുടങ്ങി നാവികസേനയുടെ നിരവധി യുദ്ധക്കപ്പലുകളും നിരീക്ഷണവിമാനങ്ങളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിൽ പങ്കാളികളായിട്ടുണ്ട്. രാത്രിയും പകലുമായി നാവികസേന ന‌ടത്തിയ രക്ഷാപ്രവ‍ർത്തനത്തിലൂടെയാണ് നിരവധി പേ‍ർക്ക് ജീവൻ തിരിച്ചുകിട്ടിയത്.

അതേസമയം അതിതീവ്രചുഴലിക്കാറ്റിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും.  അറുന്നൂറോളം ഒഎൻജിസി ജീവനക്കാ‍രെ ഉൾക്കടലിൽ ജോലിക്ക് വിട്ട സംഭവം വലിയ വിവാദമായിട്ടുണ്ട്.  സംഭവത്തിൽ ഡയറക്ട‍ർ ജനറൽ ഓഫ് ഷിപ്പിം​ഗും മുംബൈ പൊലീസും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. 

click me!