
പൂനെ: ആഢംബര വാഹനം അമിത വേഗത്തിലായിരുന്നുവെന്നും അപകടസമയത്ത് കൗമാരക്കാരൻ മദ്യപിച്ചിരുന്നുവെന്നും പൂനെയിലെ പോർഷെ കാറപകടത്തിലെ ദൃക്സാക്ഷി. ബൈക്കിലുണ്ടായിരുന്ന ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ15 അടി പൊക്കത്തിലേക്ക് ബൈക്ക് യാത്രക്കാരിലൊരാൾ പൊങ്ങിപ്പോയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. പൂനെയിലാണ് അമിത വേഗതയിലെത്തിയ പോർഷെ കാറിടിച്ച് ബൈക്ക് യാത്രികർ മരിച്ചത്.
പോർഷെ അമിത വേഗതയിലായിരുന്നു. വാഹനം ഇടിയ്ക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വളരെ ഉച്ചത്തിലുള്ള ശബ്ദം മാത്രമാണ് കേട്ടതെന്നും ദൃക്സാക്ഷി പറഞ്ഞു. എയർബാഗുകൾ വിന്യസിച്ചതിനാൽ കാർ തകർന്ന സ്ഥലത്തിന് അൽപ്പം മുമ്പായി നിർത്തിയിരുന്നു. പ്രായ പൂർത്തിയാകാത്ത ഡ്രൈവർ കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ചുറ്റിലും കൂടിനിന്നവർ പ്രതിയെ പിടികൂടി. മദ്യപിച്ചിരുന്നതിനാൽ സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം ഇയാളെ മർദ്ദിച്ചുവെങ്കിലും കാര്യമായ പരിക്ക് പറ്റിയില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. എന്നാൽ മിനിറ്റുകൾക്കകം പൊലീസെത്തി ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിലായി. രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ പിടികൂടിയത്. പൂനെ സസൂൺ ജനറൽ ആശുപത്രി ഫൊറൻസിക് മേധാവിയും മറ്റൊരു ഡോക്ടറുമാണ് അറസ്റ്റിലായത്. ഇവർ രക്തസാംപിൾ മാറ്റി പതിനേഴുകാരൻ മദ്യപിച്ചിരുന്നില്ല എന്ന റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. പിന്നീട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഡോക്ടർമാർ രക്ത സാംപിളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. നേരത്തെ, പ്രതിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ പ്രതിയുടെ മുത്തച്ഛൻ നിബന്ധിച്ചുവെന്ന കുടുംബ ഡ്രൈവറുടെ പരാതിയിലായിരുന്നു അറസ്റ്റ്. അപകടം നടന്നതിനു പിന്നാലെ ഡ്രൈവറെ പ്രതിയുടെ മുത്തച്ഛനും അച്ഛനും വീട്ടിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു. ഡ്രൈവറുടെ ഫോൺ ബലമായി പിടിച്ചുവയ്ക്കുകയും കുറ്റം ഏൽക്കാൻ നിർബന്ധിച്ചുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡ്രൈവറുടെ പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയാതാണ് പൊലീസ് അന്വേഷണം.
നേരത്തെ പിടിയിലായ പതിനേഴുകാരന്റെ അച്ഛൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജാമ്യം റദ്ദാക്കപ്പെട്ട പതിനേഴുകാരൻ അടുത്തമാസം അഞ്ചുവരെ ജുവൈനൈൽ ഹോമിൽ തുടരും. അപകടം നടന്ന ഉടൻ വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് ഐയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു. മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് ഐ ടി ജീവനക്കാരാണ് മരിച്ചത്. പിന്നാലെ പ്രതിയ്ക്ക് അതിവേഗം ലഭിച്ച ജാമ്യവും ജാമ്യ വ്യവസ്ഥകളും പ്രതിഷേധത്തിനിടയാക്കിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam