കൊവിഡ് 19: നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാൾ ആശുപത്രിയിൽ നിന്ന് കടന്നു

By Web TeamFirst Published Mar 9, 2020, 11:03 AM IST
Highlights

കേരള കർണാടക അതിർത്തിയായ തലപ്പാടി സ്വദേശിയാണ് യുവാവ്. ഡോക്ടർമാരുടെ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞതായി വിവരമുണ്ട്.

മംഗളൂരു: കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാള്‍ ആശുപത്രിയിൽ നിന്ന് കടന്നു. മംഗളൂരുവിലാണ് സംഭവം. വിദേശത്തുനിന്ന് എത്തിയ യുവാവിനെ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ദുബായിൽ നിന്നെത്തിയ യുവാവിനെയാണ് വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ ഇയാൾ കടന്നുകളഞ്ഞതായി കർണാടക ആരോഗ്യവകുപ്പ് പറയുന്നു. കേരള കർണാടക അതിർത്തിയായ തലപ്പാടി സ്വദേശിയാണ് യുവാവ്. ഡോക്ടർമാരുടെ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞതായി വിവരമുണ്ട്. തുടർന്ന് യുവാവിനെ തിരികെയെത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ മംഗളൂരു സൗത്ത് പൊലീസിന്‍റെ സഹായം തേടിയിരിക്കുകയാണ്.

കേരളത്തില്‍ ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച സമയത്ത് സമാനമായ സംഭവം നടന്നിരുന്നു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന രണ്ട് കോഴിക്കോട് സ്വദേശികളാണ് അന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞത്. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.

Also Read: ആരോഗ്യവകുപ്പ് നിർദ്ദേശം തള്ളി; ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി

അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് 19 വൈറസ് കൂടി സ്ഥിരീകരിച്ചു. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇറ്റലിയിൽ നിന്ന് അച്ഛനും അമ്മക്കും ഒപ്പമാണ് കുട്ടിയെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധക്ക് സ്ഥിരീകരണം ഉണ്ടായത്. 

Also Read: എറണാകുളത്തും കൊവിഡ് 19 ; വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

click me!