കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന സംസ്ഥാന ആരോഗ്യവകുപ്പ് നിർദ്ദേശം അവഗണിച്ച് രണ്ട് കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയി. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്.

രണ്ടു ദിവസം മുമ്പാണ് ഇവർ സൗദിയിലേക്ക് പോയത്. ആകെ അറുപത് പേരാണ് കോഴിക്കോട് നഗരത്തിൽ ചൈനയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ഉണ്ടായിരുന്നത്. ഇതിൽ 58 പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നുണ്ട്. ഇവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുകയാണ്.

അതേസമയം വിദേശത്തേക്ക് പോയ രണ്ട് പേർക്കും കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളൊന്നും നടത്തേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവം ഡിഎംഒ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.