
ദില്ലി: ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് ഹരിയാനയിൽ നിന്നുള്ള ഒരു കൂട്ടം കൻവാരി യാത്രക്കാർ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ റോഡരികിലെ ഭക്ഷണശാലക്ക് നേരെ ആക്രമമണമഴിച്ചുവിട്ടതായി റിപ്പോർട്ട്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദില്ലി-ഹരിദ്വാർ ഹൈവേയിൽ പ്രവർത്തിക്കുന്ന 'തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ' എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. ഹരിദ്വാറിൽ നിന്ന് ഗംഗാജലം ശേഖരിക്കാൻ പോയ കൻവാരിയർ വെള്ളിയാഴ്ച ഉച്ചഭക്ഷണത്തിനായി ഭക്ഷണശാലയിൽ എത്തി. ഹിന്ദുസ്ഥാൻ ടൈംസ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയമാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തു.
വിളമ്പിയ വെജിറ്റബിൾ കറിയിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് കൻവാരിയ സംഘം ധാബ തൊഴിലാളികളെ ആക്രമിക്കുകയും ഫർണിച്ചറുകളും ഫ്രിഡ്ജും നശിപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട പാചകക്കാരനെയും പിന്തുടർന്നു. ഉള്ളിയും വെളുത്തുള്ളിയും കഴിക്കില്ലെന്ന് ഭക്തർ പ്രതിജ്ഞയെടുത്തിരുന്നുവെന്നും കറിയിൽ ഉള്ളി കഷ്ണങ്ങൾ ഇവരുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും ചാപ്പർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ റോജൻ്റ് ത്യാഗി പറഞ്ഞു. ആശയക്കുഴപ്പത്തെ തുടർന്നാണ് സംഭവമുണ്ടായതെന്ന് ധാബ ഉടമ പ്രമോദ് കുമാർ പറഞ്ഞു.
ഭക്തരുടെ ഭക്ഷണത്തിൽ ഉള്ളി പാടില്ലെന്ന് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വെളുത്തുള്ളിയും ഉള്ളിയും ഇല്ലാതെ വിഭവം വേണമെന്ന് പറഞ്ഞപ്പോൾ പാചകക്കാരൻ സമ്മതിച്ചെന്നും എന്നാൽ കറിയിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നും ശിവന് വിശുദ്ധജലം അർപ്പിക്കുന്നത് വരെ ഞങ്ങൾ ഉള്ളിയും വെളുത്തുള്ളിയും കഴിക്കുന്നത് ഒഴിവാക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നെന്നും കൻവാർ ഗ്രൂപ്പിൻ്റെ നേതാവ് ഹരി ഓം പറഞ്ഞു. റോഡിലൂടെ നടക്കുമ്പോഴും ഉച്ചഭക്ഷണവും അത്താഴവും കഴിക്കുമ്പോഴും ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി എസ്പി (സദർ) രാജു കുമാർ സാബ് പറഞ്ഞു.
ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഗഡ്-ഹരിദ്വാർ ഹൈവേയിൽ മാംസാഹാരം വിൽക്കുന്ന റസ്റ്റോറൻ്റ് ഉടമകളോട് തിങ്കളാഴ്ച മുതൽ 12 ദിവസത്തെ കൻവാർ യാത്ര സമയത്ത് നോൺ വെജ് ഭക്ഷണം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam