റമ്മി കളിച്ചാൽ മൂന്ന് മാസം തടവും 5000 രൂപ പിഴയും, ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്നാട് ഗവർണർ ഒപ്പിട്ടു 

Published : Apr 10, 2023, 07:53 PM IST
റമ്മി കളിച്ചാൽ മൂന്ന് മാസം തടവും 5000 രൂപ പിഴയും, ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്നാട് ഗവർണർ ഒപ്പിട്ടു 

Synopsis

ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. 

ചെന്നൈ : തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ ഗവർണർ ഒപ്പിട്ടു. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവർണർ ആർ.എൻ.രവി  ബിൽ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഒടുവിലിന്ന് ഗവർണർക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും, രാജ്ഭവൻ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നുവെന്നതടക്കമുള്ള  ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെയാണ്, മാസങ്ങളായി അംഗീകാരം നൽകാതെ വച്ചിരുന്ന  ബില്ലിൽ ഗവർണർ ഒപ്പുവെച്ചത്.

ഓൺലൈൻ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്ന ചെറുപ്പക്കാർ ജീവനൊടുക്കുന്നത് തമിഴ്നാട്ടിൽ പതിവായതോടെയാണ് സൈബർ ചൂതാട്ടങ്ങൾ നിരോധിക്കാനുള്ള ഓർഡിനൻസിന് കഴിഞ്ഞ വർഷം സെപ്റ്റംബർ 26 ന് തമിഴ്‌നാട് മന്ത്രിസഭ അംഗീകാരം നൽകിയത്. ഒക്‌ടോബർ ഒന്നിന് ഗവർണർ ആർ എൻ രവി ഈ ഓർഡിനൻസിന് അംഗീകാരം നൽകി. തുടർന്ന് ഒക്‌ടോബർ 19 ന് തമിഴ്‌നാട് നിയമസഭ ഓൺലൈൻ ചൂതാട്ടനിരോധന ബിൽ ഏകകണ്ഠമായി പാസാക്കി. പക്ഷേ മാസങ്ങളോളം ബില്ലിൽ ഒപ്പിടാതെ ഗവർണർ മൗനം തുടർന്നു. ഒടുവിൽ ഇങ്ങനെയൊരു നിയമം നിർമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് കാട്ടി  ഗവർണർ ബിൽ തിരിച്ചയച്ചു. 

കഴിഞ്ഞ മാസം 23 ന് ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുകയെന്ന അപൂർവ നടപടിയിലേക്ക് സർക്കാർ നീങ്ങിയിട്ടും ഗവർണർ കുലുങ്ങിയില്ല. പഴയപടി ഒരുമാസം ബിൽ വച്ചുതാമസിപ്പിച്ചു. ബില്ലുകൾ ഒപ്പിടുന്നതിൽ സമയപരിധി നിശ്ചയിക്കാൻ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണം എന്ന ആവശ്യം ഉന്നയിച്ച് തമിഴ്നാട് നിയമസഭ ഗവർണർക്കെതിരെ ഇന്ന് പ്രമേയം പാസാക്കി.രണ്ടാം തവണയാണ് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ ഇത്തരത്തിൽ പ്രമേയം പാസാക്കിയത്. പ്രമേയത്തിൻമേലുള്ള ചർച്ചയിൽ രാജ്ഭവന് സർക്കാർ നൽകുന്ന തുക ഗവർണർ വകമാറ്റി ചില വഴിക്കുകയാണെന്ന് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ആരോപണം ഉന്നയിച്ചു. ഭരണഘടനാ സ്ഥാപനമായ രാജ്ഭവനിൽ നിന്നും അടുത്തിടെ രാഷ്ട്രീയനീക്കങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കുറ്റപ്പെടുത്തി. 

പ്രമേയം പാസാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഓൺലൈൻ റമ്മി നിരോധന ബില്ലിന് ഗവർണർ അംഗീകാരംനൽകി. ഇനി മുതൽ തമിഴ്നാട്ടിൽ ഓൺലൈൻ റമ്മി കളിയ്ക്കുന്നത് മൂന്ന് മാസം തടവും 5000 രൂപ പിഴയും കിട്ടുന്ന കുറ്റമാകും. വരുന്ന ബുധനാഴ്ച ഡിഎംകെ നേതൃത്വത്തിലുള്ള മതനിപേക്ഷ പുരോഗമന സഖ്യംഗവർണർക്കെതിരായ പ്രത്യക്ഷ സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ആർ എൻ രവി അയഞ്ഞത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്
ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ