
മുംബൈ: ഓൺലൈൻ ടാസ്‌ക്കുകൾ നൽകി അധിക വരുമാനം വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജരെ കബളിപ്പിച്ചു. തന്റെ 2.59 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് ഇയാൾ പൊലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ജൂൺ 30നാണ് തട്ടിപ്പ് സംഘം ബാങ്ക് മാനേജറെ കബളിപ്പിച്ചത്. മുംബൈ സ്വദേശിയായ യുവ ബാങ്ക് മാനേജരുടെ പരാതിയിൽ ബാന്ദ്ര-കുർള കോംപ്ലക്സ് സൈബർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ജൂൺ 30ന് രാവിലെ 10 മണിയോടെ ജോലിസ്ഥലത്തായിരിക്കുമ്പോഴാണ് ഇയാൾക്ക് ഒരു സന്ദേശം ലഭിച്ചത്. ഓൺലൈൻ ടാസ്‌ക്കുകളിലൂടെ അധിക വരുമാനം ലഭിക്കുമെന്നായിരുന്നു ഇതിലെ വാഗ്ദാനം. അയച്ചുതരുന്ന വിവിധ ലിങ്കുകൾ തുറക്കാനും അതിലെ ലൈക്ക് ബട്ടൺ ക്ലിക്ക് ചെയ്യാനുമായിരുന്നു നിർദേശം. ശേഷം തെളിവായി സ്ക്രീൻഷോട്ടുകൾ അയച്ചുകൊടുക്കണം. ഇങ്ങനെ ചെയ്യുന്ന ഓരോ ടാസ്‌ക്കിനും 50 രൂപയായിരുന്നു പ്രതിഫലം പറഞ്ഞത്. ഇത് സമ്മതിച്ച് മറുപടി നൽകി
തുടർന്ന്, തട്ടിപ്പുകാർ ബാങ്ക് മാനേജറെ മാനേജരെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും നിരവധി ടാസ്‌ക്കുകൾ നൽകുകയും ചെയ്തു. ഇതൊക്കെ പൂർത്തിയാക്കിയതിന് ശേഷം 2,500 രൂപ പ്രതിഫലമായി ബാങ്ക് അക്കൗണ്ടിൽ എത്തി. ഇതോടെ വിശ്വാസമായി. പിന്നീട്, പ്രീപെയ്ഡ് ടാസ്‌ക്കുകൾക്കായി മുൻകൂട്ടി പണം ആവശ്യപ്പെട്ടു. ജൂൺ 30നും ജൂലൈ ഒന്നിനും ഇടയിൽ ആകെ 2.59 ലക്ഷം രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ അയച്ചുകൊടുത്തതായി എഫ്ഐആറിൽ പറയുന്നു.
ഒടുവിൽ നിക്ഷേപിച്ച പണവും വാഗ്ദാനം ചെയ്ത ലാഭവും പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ഇതെല്ലാം തട്ടിപ്പാണെന്ന് മനസിലായത്. പണം ചോദിച്ചപ്പോൾ ആളുകളെല്ലാം കൈമലർത്തി, ഒഴിഞ്ഞുമാറി. താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ബാങ്ക് മാനേജർ സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam