
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളിൽ, വോട്ടർ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ(എസ്ഐആര്‍) രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. തൃണമൂൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടാൽ അടുക്കള സാധനങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കാൻ സ്ത്രീകളോട് അവർ ആഹ്വാനം ചെയ്തു. കൃഷ്ണനഗറിൽ നടന്ന റാലിയിലാണ് മമതയുടെ ഈ ശക്തമായ പ്രതികരണം. എസ്ഐആർ എന്ന പേരിൽ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങൾ നിങ്ങൾ തട്ടിയെടുക്കുമോ? തെരഞ്ഞെടുപ്പ് സമയത്ത് അവർ ദില്ലിയിൽ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭയപ്പെടുത്തും. നിങ്ങളുടെ പേരുകൾ നീക്കം ചെയ്താൽ, നിങ്ങളുടെ പക്കൽ ഉപകരണങ്ങളുണ്ടല്ലോ, പാചകം ചെയ്യാൻ ഉപയോഗിക്കുന്നവ. അത് നിങ്ങൾ ഉപയോഗിക്കണം. നിങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ സമ്മതിക്കരുത്. സ്ത്രീകൾ മുന്നിൽ നിന്ന് പോരാടും, പുരുഷന്മാർ അവർക്ക് പിന്നിൽ നിലയുറപ്പിക്കും. സ്ത്രീകളാണോ ബിജെപിയാണോ കൂടുതൽ ശക്തരെന്നും തനിക്ക് കാണണമെന്നും അവർ കൂട്ടിച്ചേർത്തു.
ഞാൻ വർഗീയതയിൽ വിശ്വസിക്കുന്നില്ല, മതനിരപേക്ഷതയിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം ബി.ജെ.പി. പണമുപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു എന്നും മമത ആരോപിച്ചു. ആവശ്യമുള്ളപ്പോൾ നമ്മളെല്ലാവരും വീട്ടിൽ വെച്ച് ഗീത വായിക്കാറുണ്ട്. എന്തിനാണ് ഒരു പൊതുയോഗം സംഘടിപ്പിക്കുന്നത്. ദൈവങ്ങൾ ഹൃദയത്തിലാണ് വസിക്കുന്നത്. അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരും അത് മനസ്സിലാണ് ചെയ്യുന്നത്. റമദാനിലും ദുർഗ്ഗാപൂജയിലും നമ്മൾ ഒരുമിച്ചാണ് പ്രാർത്ഥിക്കുന്നത്. ഗീതയെക്കുറിച്ച് അലമുറയിടുന്നവരോട് എനിക്ക് ചോദിക്കാനുള്ളത്, ശ്രീകൃഷ്ണൻ എന്താണ് പറഞ്ഞതെന്നാണ്. ധർമ്മം എന്നാൽ പവിത്രതയും മനുഷ്യത്വവും സമാധാനവുമാണ്, അല്ലാതെ അക്രമവും വിവേചനവും ഭിന്നിപ്പുമല്ല.
മത്സ്യം കഴിക്കണോ മാംസം കഴിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബംഗാളിലെ ജനങ്ങളാണെന്നും, ബിജെപി അത് പോലും അനുവദിക്കുന്നില്ലെന്നും മമത പറഞ്ഞു. സസ്യാഹാരം കഴിക്കണോ സസ്യേതര ഭക്ഷണം കഴിക്കണോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും അവർ കൂട്ടിച്ചേർത്തു. മുറിവേറ്റ കടുവയ്ക്ക് ആരോഗ്യവാനായ കടുവയേക്കാൾ രോഷമുണ്ടായിരിക്കുമെന്നും, തങ്ങളെ ആക്രമിച്ചാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാമെന്നും, നീതികേട് എങ്ങനെ തടയണമെന്നും തങ്ങൾക്ക് അറിയാമെന്നും മമത പറഞ്ഞു. തിരഞ്ഞെടുപ്പ് ബിജെപിയുടെ ഐടി സെൽ തയ്യാറാക്കിയ ലിസ്റ്റുകൾ പ്രകാരം നടത്താനാണ് അവരുടെ പദ്ധതിയെന്നും മമത ആരോപിച്ചു. "ഓർക്കുക, ബിഹാറിന് കഴിഞ്ഞില്ലെങ്കിലും ബംഗാളിന് കഴിയും, നിങ്ങൾ എന്ത് ചെയ്തിട്ടും കാര്യമില്ലെന്നും അവർ പറഞ്ഞു. ബംഗാളിൽ നിന്ന് ആരെയും പുറത്താക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മമത, "എനിക്ക് ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ. അതിർത്തി പ്രദേശങ്ങളിലെ ബിഎസ്എഫ് പോസ്റ്റുകളുടെ അടുത്തേക്ക് ആരും പോകരുത് എന്നും മമത ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam