ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി; സിർസ ദേരാ തലവൻ ഗുർമീത് സിങിന് പരോൾ

Published : Jan 28, 2025, 05:01 PM IST
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി; സിർസ ദേരാ തലവൻ ഗുർമീത് സിങിന് പരോൾ

Synopsis

ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു

ദില്ലി: ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു. 30 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷയിൽ കഴിയുന്നതിനിടയിൽ ഇത് 12-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച ബാക്കി നിൽക്കെയാണ് ഗുർമീതിന്റെ പരോൾ. 

ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് ഗുർമീത് ജയിലിൽ നിന്ന് പരോളിന് ഇറങ്ങിയത്. ശേഷം സിർസയിലെ ആശ്രമത്തിന്റെ ആസ്ഥാനത്തേക്കാണ് പോയത്. 2017ൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ഗുർമീത് ഇവിടം സന്ദർശിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആസ്ഥാനത്ത് എത്തിയശേഷം സന്ദർശനത്തിന് അനുയായികൾ അങ്ങോട്ടേക്ക് വരരുതെന്നും വരാൻ പോകുന്ന പരിപാടികളുടെ വിവരങ്ങൾ ഉടനെ അറിയിക്കുമെന്നും ഗുർമീത് അനുയായികൾക്ക് ഉറപ്പ് നൽകി.

ഹണിപ്രീത് എന്ന അനുയായിയും ഗുർമീതിനൊപ്പം ഉണ്ടായിരുന്നു. പരോളിലെ ആദ്യത്തെ 10 ദിവസം സിർസയിലും ബാക്കിയുള്ള 20 ദിവസം ഭഗ്പതിലെ ആശ്രമത്തിലുമാണ് ഗുർമീത്  തങ്ങുന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു. മുമ്പ് പരോൾ ലഭിച്ചപ്പോൾ ഭഗ്പത് മാത്രം സന്ദർശിക്കുവാനാണ് അനുവാദം നൽകിയിരുന്നത്. ഗുർമീതിന് പരോൾ ലഭിക്കുന്നത് അധികവും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലാണ്. 2024ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് 20 ദിവസം പരോൾ, ജനുവരിയിൽ 50 ദിവസം, ഓഗസ്റ്റിൽ 21 ദിവസം എന്നിങ്ങനെ പരോൾ ലഭിച്ചിരുന്നു. 2023 ലും രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 29 ദിവസവും ഹരിയാനയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി 30 ദിവസത്തെ പരോളും ലഭിച്ചിരുന്നു. 

2022ൽ ഹരിയാനയിൽ അധംപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് 40 ദിവസത്തെയും ഹരിയാനയിലെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 30 ദിവസത്തെ പരോളും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 21 ദിവസത്തേക്ക് താത്കാലിക വിടുതലും അനുവദിച്ചിരുന്നു. 2020 ഒക്ടോബർ 24ന് സുഖമില്ലാതെ ഗുരുഗ്രാം ആശ്രമത്തിൽ കഴിയുന്ന ഗുർമീതിന്റെ മാതാവിനെ കാണാനും അനുവദിച്ചിരുന്നു ഒരു ദിവസത്തെ പരോളും ലഭിച്ചിരുന്നു. 

അതേസമയം തന്‍റെ മുന്‍ മാനേജറായ രഞ്‌ജീത്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഗുര്‍മീതിനൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കൃഷ്ണ ലാല്‍, ജസ്ബീര്‍ സിംഗ്, അവതാര്‍ സിംഗ്, സബ്ദില്‍ എന്നിവര്‍ക്കാണ് റാം റഹീമിനൊപ്പം ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് വിധിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. 2002 ലാണ് റാം റഹീമിന്റെ മാനേജരായിരുന്ന രഞ്ജിത് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മറ്റൊരു ജീവപര്യന്തം ശിക്ഷ റാം റഹീം അനുഭവിക്കുന്നുണ്ട്. 2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകൻ ഛത്രപതിക്കെതിരെ ​ഗുർമീത് വെടിയുതിർത്തത്.

രഞ്‌ജീത്ത് സിങ് വധക്കേസ്; 19 വര്‍ഷത്തിന് ശേഷം വിധി, ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്