
ദില്ലി: ഇറാന് പിന്നാലെ ഇസ്രയേൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് കേന്ദ്രം. രണ്ട് വ്യോമസേന വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങളിലായി 13 മലയാളിലടക്കം ഇന്ത്യക്കാരെയാണ് തിരികെ എത്തിച്ചത്. കൂടൂതൽ വിമാനങ്ങൾ ഇന്ത്യക്കാരുമായി ഇന്ന് വീണ്ടും ദില്ലിക്ക് എത്തും. ഇറാനിലെ സാഹചര്യം രൂക്ഷമായതോടെ ഇതുവരെ 2295 ഇന്ത്യക്കാരെയാണ് ഇന്ത്യ സുരക്ഷിതമായി ഒഴിപ്പിച്ച് ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചത്.
ഇതിന് പിന്നാലെയാണ് ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ കേന്ദ്രം നടപടികൾ തുടങ്ങിയത്. ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ജോർദ്ദാൻ, ഈജിപ്ക് അതിർത്തി കടന്ന് 443 ഇന്ത്യക്കാരാണ് എത്തിയത്. ഇവരെ വിവിധ ബാച്ചുകളിലായി തിരിച്ച് വ്യോമസേന വിമാനങ്ങളിലും ജസീറാ എയർവേയിസ് വിമാനത്തിലുമാണ് ദില്ലിക്ക് എത്തിച്ചത്.
പാലം വ്യോമസേന താവളത്തിൽ എത്തിച്ചവരെ കേന്ദ്രമന്ത്രി എൽ മുരുകൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ഇപി ശ്യാം എന്നിവർ ചേർന്ന് സ്വീകരിച്ചു. സംഘർഷമേഖലകളിൽ നിന്ന് തിരികെ എത്തിയതിന്‍റെ ആശ്വാസം സംഘത്തിലെ മലയാളികളടക്കം പങ്കുവെച്ചു.
ജറുസലേമിൽ ആശങ്കപ്പെടുത്തുന്ന സാഹചര്യമില്ലെന്ന് ഇസ്രയേലിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ത്ഥി ശ്രീലക്ഷ്മി പറഞ്ഞു. ടെൽ അവീവിൽ അടക്കം വിദ്യാർത്ഥികളോട് സംസാരിക്കുമ്പോൾ ആശങ്ക പറയുന്നുണ്ട്. വേണ്ട സൗകര്യം അധികൃതർ ഒരുക്ക് നൽകിയിട്ടുണ്ടെന്നും സമാധാന ചർച്ചകൾ പ്രതീക്ഷ നൽകുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.
ഇസ്രയേലിൽ നിന്ന് ഒഴിപ്പിച്ചവരുമായുള്ള വിമാനം നിശ്ചയിച്ചതിലും വൈകിയാണ് ദില്ലിയിൽ എത്തിയത്. സംഘർഷത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചതോടെയാണ് വിമാനങ്ങൾ ഉൾപ്പെടെ വൈകിയത്. ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനത്തിൽ 161 പേരാണ് ഉണ്ടായിരുന്നത്. അതേസമയം, ഓപ്പറേഷൻ സിന്ധുവിന്‍റെ ഭാഗമായി ഇറാനിൽ കൂടുതൽ മലയാളികള്‍ ഇന്ന് എത്തി. 14 മലയാളികളടങ്ങിയ സംഘം ദില്ലി വിമാനത്താവളത്തിലെത്തിയത്. യാത്രാ സംഘത്തിലെ 12 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഇന്ന് പുലര്‍ച്ചെ 3.30നാണ് 14 മലയാളികളടങ്ങിയ സംഘം ദില്ലി വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam