
ദില്ലി: പാക് തീവ്രവാദത്തിന് ചുട്ട മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂറിന് ഒരു മാസം. സൈനിക നടപടി നയതന്ത്ര തലത്തിലടക്കം രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കുകയാണ് കേന്ദ്രസർക്കാർ. അതേസമയം, ഒരു മാസം പിന്നിട്ടിട്ടും പഹൽഗാമിലെ കൊലയാളികൾ എവിടെയെന്ന ചോദ്യം ആവർത്തിക്കുകയാണ് പ്രതിപക്ഷം. അതിനിടെ, നദീജല കരാർ പുനഃസ്ഥാപിക്കണം എന്ന് വീണ്ടും അഭ്യർത്ഥിച്ച് പാകിസ്ഥാൻ ജലശക്തി മന്ത്രാലയത്തിന് കത്ത് നൽകി.
ഭീകരാക്രമണത്തിനെതിരെ നയതന്ത്ര തലത്തില്‍ പാകിസ്ഥാനെ പൂട്ടുകയാണ് ഇന്ത്യ ആദ്യം സ്വീകരിച്ച നടപടി. ആദ്യം സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചു. പിന്നാലെ പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് റദ്ദാക്കി. അട്ടാരി വാഗ അതിര്‍ത്തി അടച്ചു. നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ശുഷ്കമായ വ്യാപാര ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചു. മറുവശത്ത് ഷിംല കരാര്‍ റദ്ദാക്കിയും, വ്യോമപാത അടച്ചും പാകിസ്ഥാനും പ്രതിരോധം തീര്‍ത്തു. എന്നിട്ടും പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തികളില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ച്ചയായി. എന്തും സംഭവിക്കാമെന്ന അന്തരീക്ഷത്തില്‍ കഴിഞ്ഞ മാസം 7ന് അര്‍ധരാത്രി പിന്നിട്ടപ്പോള്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരക്യാമ്പുകളില്‍ കടന്നുകയറി ഇന്ത്യ ആക്രമണം നടത്തി. സിന്ദൂരം മാഞ്ഞുപോയ സഹോദരിമാര്‍ക്ക് ഓപ്പറേഷന്‍ സിന്ദൂറിലൂടെ നീതി നടപ്പാക്കി.
ഓപ്പറേഷൻ സിന്തൂറിന് ഒരു മാസം പിന്നിടുമ്പോള്‍ പാകിസ്ഥാന്‍റെ പ്രകോപനം ഏറ്റവും അധികം ഉണ്ടായ ജമ്മുവില്‍ സ്ഥിതി ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലായെങ്കിലും കര്‍ശന സുരക്ഷയിലാണ് നഗരം. രണ്ട് ദിവസങ്ങളിലായി നൂറിലിധം ഡ്രോണുകളാണ് പാകിസ്ഥാൻ ജമ്മു നഗരത്തിന് പ്രയോഗിച്ചതെങ്കിലും എല്ലാം ഇന്ത്യയുടെ പ്രതിരോധ സംവിധാനം വഴി തകര്‍ക്കാൻ കഴിഞ്ഞു. ജമ്മുവിലെ കരസേന ക്യാംപും വിമാനത്താവളവും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണം. പക്ഷേ ഒന്ന് പോലും ഫലം കണ്ടില്ല. മെയ് 8 ന് രാത്രിയായിരുന്നു പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെങ്കില്‍ 9ന് പുലര്‍ച്ചെ നാല് മണി മുതല്‍ വീണ്ടും പാക് ഡ്രോണുകള്‍ അതിര്‍ത്തി കടന്നെത്തി. ഏഷ്യാനെറ്റ് ന്യൂസ് സംഘം താമസിച്ചിരുന്ന ഹോട്ടലിന് നേരെയും ഡ്രോണുകളെത്തിയുകന്നു. തുടര്‍ന്ന് നഗരം മുഴുവൻ ഇരുട്ടിലായി. എല്ലാം ആകാശത്ത് വച്ച് തന്നെ നമ്മുടെ പ്രതിരോധ സംവിധാനം തകര്‍ത്തു.