
ദില്ലി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരൻ അനീഷ് ബാബു. ശേഖർകുമാർ യാദവിനെ അനുകൂലിച്ച് മൊഴി നൽകാൻ സമ്മർദമുണ്ടായി എന്ന് അനീഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. കേസിൽ ശേഖർകുമാർ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയെന്നും അനീഷ് പറയുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാണ് ഇതെന്നും കേസിൽ കരുവാകാതെ ഒഴിഞ്ഞുപോകാനും ഒരു മലയാളി ഉദ്യോഗസ്ഥൻ പറഞ്ഞെന്നും അനീഷ് ബാബു വെളിപ്പെടുത്തി.
നേരിട്ട് ശേഖറുമായി ബന്ധമില്ല എന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥർ ഒപ്പിടിച്ചത്. സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമല്ല അന്വേഷണ ഏജൻസി നടത്തുന്നത്. മാനസികമായി വലിയ സമ്മർദ്ദം ഉണ്ടായി എന്നും ദില്ലിയിൽ നിൽക്കുമ്പോൾ തന്നെ ജീവന് ഭീഷണിയുണ്ടെന്നും അനീഷ് ബാബു പറഞ്ഞു. പരാതിയിൽ ഉറച്ചു നിൽക്കുന്നു. പി എം എൽ എ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു കുറ്റകൃത്യവും താൻ നടത്തിയിട്ടില്ലെന്നാണ് അനീഷ് ബാബുവിന്‍റെ വിശദീകരണം. ഇന്നലെയാണ് അനീഷ് ബാബുവിനെ ഇഡി ചോദ്യം ചെയ്തത്.