
ദില്ലി: രാജ്യത്ത് ഇന്ത്യയെന്ന പുതിയ പ്രതിപക്ഷ സഖ്യ പേര് പ്രഖ്യാപിച്ചതിനെതിരെ കേസ്. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ദില്ലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. 'ഇന്ത്യ ' എന്ന് പ്രതിപക്ഷ സഖ്യത്തിന് പേര് നല്‍കിയതിലാണ് കേസ് ചുമത്തിയത്. ഇന്ത്യയെന്ന പേര് അനാവശ്യമായി ഉപയോഗിക്കുന്നുവെന്നും അന്യായമായ സ്വാധീനത്തിനും ശ്രമിക്കുന്നുവെന്നുമാണ് പരാതി. അവിനിഷ് മിശ്രയെന്നയാളാണ് പരാതി നല്‍കിയത്.
കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തിലാണ് സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചത്. പിന്നാലെ വിവാദവും മുറുകി. ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ രംഗത്തെത്തി. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേരെന്നും മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ഹിമന്ദ ട്വിറ്ററില്‍ കുറിച്ചു. ട്വിറ്ററിലെ തന്‍റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി അദ്ദേഹം തിരുത്തുകയും ചെയ്തു.
അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് തള്ളി. സ്കില്‍ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത് ഹിമന്ദ ബിശ്വ ശർമയുടെ പുതിയ ഉപദേശകനായ നരേന്ദ്ര മോദിയാണെന്ന് ജയ്റാം രമേശ് തിരിച്ചടിച്ചു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നതും മോദിയാണ്. പ്രചാരണ റാലികളില്‍ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പഴയ പ്രചാരണ വീഡിയോ പങ്ക് വെച്ച് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു. ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ് ലൈൻ കൂടി നല്‍കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്. ഭാരതം വിജയിക്കുമെന്ന് അർത്ഥമുള്ള 'ജീത്തേഗ ഭാരത്' ആണ് ടാഗ് ലൈൻ. ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ ചർച്ച ചെയ്ത് തീരുമാനമെടുത്തത്.
Read More: 'മോദിയും 'ഇന്ത്യ'യും തമ്മിലുള്ള പോര്'; വിശാല പ്രതിപക്ഷ സഖ്യത്തിൽ 26 പാർട്ടികൾ, എന്താണ് ഇന്ത്യ? പൂർണ വിവരങ്ങൾ
ഇന്ത്യൻ നാഷണൽ ഡെവലപ്മെന്‍റൽ ഇൻക്ലൂസീവ് അലയൻസ് എന്നാണ് പ്രതിപക്ഷ സഖ്യത്തിന്‍റെ പേര്. 26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഇന്നലത്തെ യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. ഇതിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യം അടുത്ത യോഗത്തിൽ ചർച്ചയാകും. അടുത്ത പ്രതിപക്ഷ നേതൃസംഗമം മുംബൈയിൽ നടക്കും. തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് രണ്ട് ദിവസമായി ബെംഗളുരുവിൽ നടന്ന പ്രതിപക്ഷ ഐക്യയോഗത്തിൽ പങ്കെടുത്തത്.