
ദില്ലി: നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികൾ കേന്ദ്രത്തിനെതിരെ ആയുധമാക്കി പ്രതിപക്ഷം. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാക്കൾ വലിയ വിമർശനമാണ് നടത്തുന്നത്. യുവാക്കളോട് പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ ദ്രോഹിക്കുകയാണ് മോദി സർക്കാർ എന്നാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. നീറ്റ് യുജി പരീക്ഷയിലെ ക്രമക്കേട് പരാതിയിൽ രാജസ്ഥാൻ പൊലീസിന്‍റെ അന്വേഷണം കേരളത്തിലേക്ക് നീണ്ടിരിക്കുകയാണ്. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശിയായ വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കേസിൽ ചോദ്യം ചെയ്യലിനായി13 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്നാണ് ഉയരുന്ന ആരോപണം. മാത്യക ചോദ്യങ്ങൾ എന്ന പേരിൽ വിൽപന നടത്തിയ ചോദ്യപേപ്പറിലെ ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങളുമായി സാമ്യമെന്നാണ് കണ്ടെത്തൽ. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപാണ് ഈ ചോദ്യപേപ്പറിന്റെ വിൽപന ഓൺലൈനിലടക്കം നടന്നത്. ഇരുപതിനായിരം മുതൽ 2 ലക്ഷം വരെ രൂപയ്ക്കായിരുന്നു ചോദ്യപേപ്പർ വിൽപ്പന നടന്നത്. 600 മാർക്കിന്റെ ചോദ്യങ്ങൾ മുൻകൂട്ടി പ്രചരിച്ച ചോദ്യപേപ്പറിൽ ഉണ്ടെന്ന് രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കണ്ടെത്തി. കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശിയായ വിദ്യാർത്ഥി വഴിയടക്കമാണ് വിൽപന നടന്നത്. ഇതോടെയാണ് അന്വേഷണം ചുരു സ്വദേശിക്ക് വേണ്ടി കേരളത്തിലേക്കും വ്യാപിപ്പിച്ചത്. കൂടാതെ ഒരു കോച്ചിങ്ങ് സെന്റർ ഉടമയടക്കം 13 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത്,പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ ചോർന്നോ എന്നാണ് രാജസ്ഥാൻ പൊലീസ് പരിശോധിക്കുന്നത്. രാജസ്ഥാൻ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രം ആയിരിക്കും എൻടിഎ തുടർ നടപടി സ്വീകരിക്കുക. അന്വേഷണവുമായി സഹകരിക്കുമെന്ന് എൻടിഎ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam