തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ശരത് കുമാർ ഐപിഎൽ മത്സരത്തിനിടെ ലഹരി ഉപയോഗിച്ചെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായി. സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയെ തുടർന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ, അത് തൊണ്ടവേദനയ്ക്കുള്ള ഹെർബൽ ടാബ്‌ലെറ്റ് മാത്രമാണെന്ന് ശരത് കുമാർ വിശദീകരിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിലെ മന്ത്രിയും മുതിർന്ന ടിവികെ നേതാവുമായ ശരത് കുമാർ ഐപിഎൽ മത്സരത്തിനിടെ ലഹരി ഉപയോഗിച്ചെന്ന് ആരോപണം. മത്സരം കാണാൻ സ്റ്റേഡിയത്തിലിരിക്കെ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടു. സ്റ്റേഡിയത്തിലിരുന്ന് ശരത് കുമാർ ചെറിയ പാക്കറ്റിൽ നിന്നും എന്തോ എടുത്ത് വായിലേക്ക് വെക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത് നിരോധിത ലഹരി മരുന്നാണെന്ന ആരോപണവുമായി ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംസ്ഥാനത്ത് ഭരണകക്ഷിയായ ടിവികെ ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ വൈറലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം വിശദീകരണവുമായി ശരത് കുമാറും ടിവികെ നേതൃത്വവും രംഗത്തെത്തി. അത് ലഹരിമരുന്നല്ലെന്നും, തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുട്ടികൾക്ക് പോലും നൽകാവുന്ന 'ഹെർബൽ ടാബ്‌ലെറ്റ്' മാത്രമാണെന്നും അവർ വ്യക്തമാക്കി. ഡിഎംകെ ഐ.ടി സെൽ ടിവികെയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ മനഃപൂർവ്വം കെട്ടിച്ചമച്ച വ്യാജ പ്രചാരണമാണിതെന്നും ശരത് കുമാർ പ്രതികരിച്ചു. എന്നാൽ ഈ വിശദീകരണത്തെയും പരിഹാസത്തോടെയാണ് പ്രതിപക്ഷം നേരിട്ടത്. ലഹരി വിരുദ്ധത പ്രസംഗിക്കുന്ന വിജയ്‌യുടെ പാർട്ടിയിലെ പ്രമുഖർ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പ്രതികരിച്ചു.