
ദില്ലി: പാര്‍ലമെന്‍റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ നടപ്പ് സമ്മേളന കാലാവധി തീരും വരെയാണ് ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ഇന്നും നടുത്തളത്തിലിറങ്ങി, എന്നാല്‍ പ്ളക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് ഇരു സഭകളും ഇന്ന് നിര്‍ത്തിവച്ചത്.
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ ഇന്നലെയാണ് സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.
അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാർലമെന്റിൽ അക്കാര്യം പറയാൻ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam