കര്‍ഷക ബില്ലില്‍ പ്രതിഷേധം ശക്തമാകുന്നു; പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മോദി

By Web TeamFirst Published Sep 18, 2020, 5:37 PM IST
Highlights

ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച് കര്‍ഷകരെ ഒരുപാട് സംസാരിക്കുന്നവര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ലെന്നും മോദി പറഞ്ഞു. അടിസ്ഥാന വില ഉറപ്പാക്കിയും ഇടനിലക്കാരുടെ ചൂഷണം ഉറപ്പാക്കിയും കര്‍ഷകരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ കര്‍ഷക ബില്ലില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക ബില്ലിന്റെ പേരില്‍ പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.

ബില്ലിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ശരിയായ വില ലഭിക്കില്ലെന്നതാണ് പ്രധാന പ്രചാരണമെന്നും മോദി ആരോപിച്ചു. ബിഹാറിലെ കോസി നദിയിലെ റെയില്‍വേ പാലം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. 'സര്‍ക്കാര്‍ ഏജന്‍സി ഗോതമ്പും നെല്ലും സംഭരിക്കില്ലെന്ന പ്രചാരണം തെറ്റാണ്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. ബില്ലുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്ന് എല്ലാ കര്‍ഷകരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളെ പഴയ സമ്പ്രദായത്തില്‍ തന്നെ നിലനിര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നത്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച് കര്‍ഷകരെ ഒരുപാട് സംസാരിക്കുന്നവര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല- മോദി ആരോപിച്ചു.

അടിസ്ഥാന വില ഉറപ്പാക്കിയും ഇടനിലക്കാരുടെ ചൂഷണം ഉറപ്പാക്കിയും കര്‍ഷകരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ഇരുസഭകളിലും മൂന്ന് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്. തങ്ങളുടെ പുതിയ അവസരം ഇല്ലാതാക്കുന്നത് ആരാണെന്നും ഇടനിലക്കാരുടെയൊപ്പം നില്‍ക്കുന്നതാരാണെന്നും കര്‍ഷകര്‍ നോക്കുന്നുണ്ട്. കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമാണെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദളിന്റെ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ നിരവധി കര്‍ഷക സംഘടനകള്‍ ബില്ലുകള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 

click me!