
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യമുയർത്തി പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. കോൺഗ്രസ് എംപിമാർ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി. ബസുകളിൽ എത്തിയ നേതാക്കൾ ഗാന്ധി സമാധിയിൽ പോയി പ്രാർത്ഥന നടത്തും, പ്രതിഷേധിക്കും.
ഇവിടെ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. അതിനാൽ തന്നെ കനത്ത സുരക്ഷാ വലയത്തിലാണ് ഈ പ്രദേശം. ഇന്ത്യയെ ഹൈജാക്ക് ചെയ്യാനാണ് മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുൽ നാളെയും സമരം തുടരാനാണ് ഉദ്ദേശിക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് മമത ബാനർജിയോടും മഹാരാഷ്ട്രയിൽ നിന്ന് ഉദ്ധവ് താക്കറെയോടും ബിഹാറിൽ നിന്ന് തേജസ്വി യാദവിനോടും നാളെ ദില്ലിയിൽ സമരത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.
ജനങ്ങളുടെ വോട്ടവകാശം തെരഞ്ഞെടുപ്പ് കമ്മീഷൻ കവർന്നെടുക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് മുന്നൂറോളം നേതാക്കളെന്ന് രാഹുൽ പറഞ്ഞു. എംപിമാരുടെ രാജ്ഘട്ട് മാർച്ച് മിന്റോ റോഡിലേക്ക് പ്രവേശിച്ചു. മാർച്ച് ഡിഡിയു മാർഗിലേക്ക് പ്രവേശിക്കുന്നിടത്ത് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിന് പിന്നാലെ സംഘർഷമുണ്ടായി. 100 മീറ്റർ അപ്പുറത്താണ് ബിജെപി ദേശീയ ആസ്ഥാനം. പൊലീസ് തടഞ്ഞതിന് പിന്നാലെ എംപിമാരുടെ ബസ് അജ്മീരി ഗേറ്റ് ഭാഗത്തേക്ക് നീങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam